കുറ്റ്യാടി റിവര്‍റോഡില്‍, വിജയന്റെ ബാര്‍ബര്‍ഷോപ്പിലെ വെളുത്ത കറപിടിച്ച ചുവരിലാണ് പ്രവീണിനെ ഞാന്‍ ആദ്യമായി "കാണുന്നത്'; തെളിഞ്ഞ നീറ്റിലിറങ്ങി കടുവ വെള്ളം കുടിക്കുന്നതിന്റെയും വെളുത്ത പശുവിനെ ചാരിനിന്ന് പൂത്തുലഞ്ഞ മരങ്ങള്‍ക്കിടയില്‍ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണന്റെയും വെട്ടിത്തിളങ്ങുന്ന നിറങ്ങളുള്ള ശിവകാശി ചിത്രങ്ങള്‍ക്കിടയില്‍ ഒരു ജലച്ചായ മോഹന്‍ലാല്‍! ചെറിയ നോട്ട്ബുക്ക് പേപ്പറില്‍ വരച്ച ഒറിജിനല്‍ ചിത്രം. ചിത്രത്തിന്റെ മൂലയ്ക്ക് പ്രവീണ്‍കുമാര്‍ എന്ന് ചെരിച്ചെഴുതിയ സ്റ്റൈലന്‍മുദ്ര. അതൊരു സാമ്പ്രദായിക ചിത്ര വിദ്യാര്‍ത്ഥിയുടെ പരിശീലന ചിത്രത്തിന്റെ സ്വഭാവത്തിലുള്ള ഒന്നായിരുന്നു. എങ്കിലും മറ്റ് ശിവകാശി പ്രിന്റുകള്‍ക്കും നടി അംബികയുടെ ചിത്രമുള്ള നീളന്‍ കലണ്ടറിനും പുകപിടിച്ച കണ്ണാടികള്‍ക്കുമിടയില്‍ അത് പ്രത്യേക കൗതുകക്കാഴ്ചയായി നിലയുറപ്പിച്ചു. മുടിവെട്ടാനാനിരിക്കുമ്പോഴെല്ലാം ഞാനതിലേക്കുതന്നെ നോക്കിയിരുന്നു.
1990ന്റെ തുടക്കം. പേരാമ്പ്ര സി.കെ.ജി കോളേജില്‍ പ്രീഡിഗ്രി പഠനകാലം. രാവിലെയും ഉച്ചയ്ക്കും രണ്ട് ഷിഫ്റ്റുകളിലായിരുന്നു ക്ലാസ്. എനിക്ക് ഉച്ചയ്ക്കുശേഷമായിരുന്നു ക്ലാസ്. ഒരു ദിവസം ഒന്നാം നിലയിലെ എന്റെ ക്ലാസ് മുറിയിലേക്കുള്ള വീതിയേറിയ കോണിപ്പടികള്‍ കയറിപ്പോകവേ എതിരേ പടവിറങ്ങി വരുന്ന പ്രവീണിനെ കണ്ടത് ഒരു മായക്കാഴ്ചപോലെയാണ് ഞാന്‍ ഓര്‍ക്കുന്നത്. നരച്ച പച്ചയിലോ നീലയിലോ, രണ്ട് പോക്കറ്റുകളുള്ള ഒരു പരുക്കന്‍ കുപ്പായമായിരുന്നു അവനിട്ടിരുന്നത് എന്ന് തോന്നുന്നു. പ്രായത്തില്‍ കവിഞ്ഞ താടിയും മീശയുമുള്ള കനത്തമുഖം താഴ്ത്തി അവന്‍ നടന്നുപോകുന്നത് ഒന്നു രണ്ട് തവണ ഞാന്‍ തിരിഞ്ഞു നോക്കി. പത്രവിതരണക്കാരനും രാജീവന്റെ ബാര്‍ബര്‍ ഷോപ്പിലെ മോഹന്‍ലാലിനെ വരച്ച ചിത്രകാരനുമായ പ്രവീണ്‍കുമാറാണ് ആ പോകുന്നതെന്ന മങ്ങിയ ബോധ്യം എനിക്കുണ്ട്. പക്ഷേ, അവനോട് നേര്‍ക്കുനേരേ സംസാരിക്കുന്നതും പരിചയപ്പെടുന്നതും പിന്നീട് ഒന്നു രണ്ട് വര്‍ഷത്തിനുശേഷമാണ്.
മടപ്പള്ളി ഗവ. കോളേജില്‍ ബി.എയ്ക്ക് പഠിക്കുമ്പോഴാണ് ഒരു പ്രത്യേക ദിവസത്തെ കേരളകൗമുദി പത്രത്തിന്റെ കോപ്പി കിട്ടുമോന്ന് അറിയാനായി പ്രവീണിനെ ഞാന്‍ കുറ്റ്യാടിയങ്ങാടിയില്‍ തിരയുന്നത്. റിവര്‍റോഡില്‍ മാര്‍ക്കറ്റിനടുത്ത് ഷണ്‍മുഖ വര്‍ക്‌സിന്റെ ബോര്‍ഡ് തൂങ്ങുന്ന കെട്ടിടത്തിനു മുമ്പില്‍ അന്ത്രുക്കയുടെ ബേക്കറിക്കും കപ്പപ്പീടികയ്ക്കും അടുത്തുവെച്ച് ഞാനവനെ കണ്ടുപിടിച്ചു. അലച്ചിലിന്റെ കിതപ്പോടെ ഞാനെന്നെ അവനു പരിചയപ്പെടുത്തി. എന്റെ ആവശ്യം പറഞ്ഞു. അരിച്ചാക്കുകളുടെയും ബെല്ലത്തിന്റെയും മല്ലിയുടെയും വെള്ളുള്ളിയുടെയും മണം കുഴഞ്ഞ, മെലിഞ്ഞ ഇടനാഴിയിലേക്കു മാറി നിന്ന് സംസാരം തുടങ്ങി. എനിക്കു വേണ്ടത് രണ്ടു ദിവസം മുമ്പത്തെ കൗമുദി പത്രത്തിന്റെ കോപ്പിയായിരുന്നു. അതില്‍ മാഹി കലാഗ്രാമത്തില്‍ നടന്ന ഒരു ചിത്രപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോ ഉണ്ടായിരുന്നു. എം.വി.ദേവനും മറ്റു പ്രമുഖരും ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെയും മുഖം അതില്‍ അച്ചടിച്ചുവന്നിരിക്കുന്നു! ഈ കാര്യം എന്നോടു പറയുന്നത് കോളേജില്‍ പ്രിഡിഗ്രിക്കു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനിയാണ്. വായനയും സംഗീതവും കലയും തലയ്ക്കുപിടിച്ച യൗവനാരംഭം. എണ്ണച്ചായത്തിന്റെയും കുഴഞ്ഞ കളിമണ്ണിന്റെയും മണമുള്ള കലാഗ്രാമവുമായി ഗാഢ പ്രണയത്തില്‍ ബന്ധിക്കപ്പെട്ടിരുന്ന കാലം. മടപ്പള്ളി കോളേജില്‍നിന്നും അധികം ദൂരത്തല്ലാത്ത അവിടെ നടക്കുന്ന മിക്കവാറും പരിപാടികളിൽ ഞാനും ലയിച്ചുചേര്‍ന്നു. പ്രദര്‍ശനങ്ങള്‍, ജുഗല്‍ബന്ദികള്‍, കലാപ്രകടനങ്ങള്‍...
