നല്ല ഹൈമവതഭൂവിൽ,
- ഏറെയായ് കൊല്ലം
- അങ്ങൊരു വിഭാതവേളയിൽ,
ഉല്ലസിച്ചു
യുവയോഗിയേകനുൽ-
ഫുല്ലബാലരവിപോലെ കാന്തിമാൻ.
കാവ്യാനുഭവത്തെ യോഗാനുഭൂതിയുമായി സമന്വയിപ്പിക്കുന്ന കുമാരനാശാന്റെ 'നളിനി അല്ലെങ്കിൽ ഒരു സ്നേഹം' എന്ന കാവ്യം ആരംഭിക്കുന്നതുതന്നെ അഭൗമമായ ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ.് കവിതയ്ക്ക് വ്യാഖ്യാനം നൽകിയ സഹോദരനയ്യപ്പൻ, തന്റെ ഗുരുവായ ശ്രീനാരായണൻ അരുവിപ്പുറം എന്ന വനപ്രദേശത്ത് തപസ്സുചെയ്തു താമസിച്ചിരുന്ന കാലത്ത്, എന്നും പ്രഭാതത്തിൽ ധ്യാനം കഴിഞ്ഞ് പുറത്തുവരുമ്പോൾ പതിവായി കാണാറുള്ള പ്രത്യേക മുഖകാന്തിയെപ്പറ്റി കുമാരനാശാൻ തന്നോട് പറഞ്ഞതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. നാരായണഗുരു എന്ന ചിരതപസ്വിയുടെ ജീവിതത്തിലെ ഏതൊക്കെയോ സൂക്ഷ്മഭാവങ്ങൾ കാവ്യപ്രമേയത്തിൽ അന്തർധാരയായി വർത്തിക്കുന്നുവെന്നതുകൂടിയാണ് നളിനികാവ്യത്തെ കാലാതിവർത്തിയാക്കുന്നത്.
കുമാരനാശാൻ തന്റെ വിഖ്യാതങ്ങളായ പല കൃതികൾക്കും പാശ്ചാത്യവും പൗരസ്ത്യവുമായ ഇതിവൃത്തങ്ങൾ സ്വീകരിച്ചതായി കാണാൻ കഴിയും. എന്നാൽ നളിനിയ്ക്ക് അത്തരത്തിലുള്ള പൂർവ്വമാതൃകകളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്. 'ലീല'യുടെ അവതാരികയിൽ കുമാരനാശാൻ പറയുന്നത്, 'നളിനി എഴുതി അവസാനിക്കുന്നതിനു മുൻപുതന്നെ ആ രീതിയിലുള്ള ഒരു ചെറിയ കാവ്യം കൂടി എഴുതേണ്ട ആവശ്യകത തോന്നിയിരുന്നുവെന്നും, അതിനുകാരണം നളിനിയിലെ നായികാനായകന്മാർ രാജസം മിക്കവാറും വിട്ടൊഴിഞ്ഞ് സാത്വികാവസ്ഥയിൽ എത്തിനിൽക്കുന്ന പുണ്യാത്മക്കളാണ് എന്നതിനാൽ, നളിനിയിലെ കഥാപാത്രങ്ങളുടെ അടുത്ത താണപടിയിൽ എത്തിയിട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണ് പിന്നെ എഴുതേണ്ടതായി തോന്നിയതെന്നും അതിനുശേഷമാണ് ലീലാകാവ്യം എഴുതിയതെന്നുമാണ്.' നളിനിയിലെ യോഗിയെ ആശാൻ രൂപപ്പെടുത്തിയെടുത്തത് ഭക്തികൃതജ്ഞതാഭരിതമായ തന്റെ ഹൃദയത്തിലെ റൊമാൻസിന്റെ മണ്ണുകൊണ്ട് സൃഷ്ടിച്ചെടുത്ത തന്റെ ഗുരുവിനെയാണെന്നു പറയുന്ന പി.കെ ബാലകൃഷ്ണൻ (കാവ്യകല കുമാരനാശാനിലൂടെ) 'നമ്മുടെ കാവ്യപരമ്പര്യത്തിന് തീർത്തും അപരിചിതമായ രീതിയിൽ പരിശുദ്ധ സ്ത്രീപുരുഷ പ്രണയസങ്കല്പം ഉൾക്കൊള്ളുന്ന ഒരു ഭാവകാവ്യത്തിന് നളിനി അഥവാ ഒരു സ്നേഹം എന്നു പേരിട്ടത് ഒരു പക്ഷേ പാശ്ചാത്യമാതൃകകളുടെ സ്വാധീനമായിരിക്കാമെന്നും, എന്നാൽ കാവ്യപ്രമേയം ആശാൻ തന്റെ കവിഹൃദയത്തിൽ നിന്നുമാത്രം സൃഷ്ടിച്ചെടുത്ത ഒരു ആത്മചിത്രമാണെന്നും' പ്രസ്താവിക്കുന്നുണ്ട്.
