കരിമ്പും ചോളവും തെങ്ങും തഴച്ചുവളരുന്ന പച്ച നിറമുള്ള നാട്ടിൻപുറമായിരുന്നു തമിഴ്‌നാട്ടിലെ വെല്ലൂർ. ആ ഗ്രാമത്തിലെ മറ്റനേകം പേരെപോലെത്തന്നെ എന്റെതും തനി നാടൻ കർഷകകുടുംബമായിരുന്നു. നല്ല കുടുംബിനിയും ദൈവവിശ്വാസിയും ഞങ്ങൾ മക്കളെ അതിരറ്റു സ്‌നേഹിക്കുകയും ചെയ്ത അമ്മയേക്കാൾ എന്നെ സ്വാധീനിച്ചത് അപ്പാവാണ്. കറകളഞ്ഞ ഡിഎംകെ(ദ്രാവിഡമുന്നേറ്റ കഴകം) പ്രവർത്തകനായിരുന്നു അദ്ദേഹം. മണ്ണിനെയും മണ്ണിന്റെ മക്കളേയും സ്‌നേഹിച്ചയാൾ. സ്വന്തം കുടുംബത്തോടൊപ്പം പൊതുമക്കളേയും സ്‌നേഹിക്കണമെന്നായിരുന്നു അപ്പാ ഞങ്ങളെ പഠിപ്പിച്ചത്. സി.എൻ.അണ്ണാദുരൈ, കലൈജ്ഞർ കരുണാനിധി, ജനപ്രിയ തമിഴ്‌സിനിമാതാരം എം.ജി.ആർ എന്നിവരായിരുന്നു അന്നത്തെ ഡിഎംകെ നേതാക്കൾ. ചെറുപ്പം മുതലേ ഞാൻ കേട്ടു വളർന്ന ബ്രാഹ്‌മണവിരുദ്ധതയും ദ്രാവിഡത്തനിമക്കായുള്ള പോരാട്ടവും ദ്രാവിഡനാടിനുവേണ്ടിയുള്ള ദാഹവും എല്ലാം ചേർന്നാണ് പിന്നീട് ദ്രാവിഡകഴകം പ്രവർത്തകയായി മാറ്റിയത്.
1965ൽ നടന്ന മൊഴി പോരാട്ടത്തിൽ (ഹിന്ദിവിരുദ്ധപ്രക്ഷോഭം) പങ്കെടുത്ത് സി. എൻ.അണ്ണാദുരൈക്കൊപ്പം മൂന്ന് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് എന്റെ അപ്പാ. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം എനിക്കു നൽകിയത് ഉയർന്ന സാമൂഹ്യബോധവും പൊതുചിന്തയുമാണ്. സാധാരണ ജനങ്ങളോട് ഇടപഴകുവാൻ ലഭിച്ച ഒരവസരവും പാഴാക്കിയില്ല. അച്ഛനോടൊപ്പം പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നത് ഞാൻ പതിവാക്കിയിരുന്നു.
തന്തൈപെരിയാർ എന്ന മഹദ് വ്യക്തിത്വം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതും ഞാൻ അദ്ദേഹത്തിന്റെ അനുയായി ആയി മാറുന്നതും വിവാഹത്തിനുശേഷമാണ്. കാരണക്കാരൻ എന്റെ ഭർത്താവ് കുയിൽദാസൻ തന്നെ. പെരിയാർ ദർശനങ്ങൾ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ പകർത്താൻ ആഗ്രഹിച്ച കുയിൽദാസന്റെ യത്‌നം ഞാനില്ലാതെ പൂർണ്ണമാകുന്നതെങ്ങനെ? അതിനദ്ദേഹം സ്വീകരിച്ച മാർഗങ്ങൾ കടുത്തതായിപ്പോയെന്ന് എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ടെങ്കിലും ക്രമേണ ആ പ്രത്യയശാസ്ത്രത്തിലേക്ക് ഞാനും ആകൃഷ്ടയാവുകയായിരുന്നു. വഴികാട്ടിയായും പ്രചോദനമായും കൈപിടിച്ചുനടത്താൻ കുയിൽദാസനില്ലായിരുന്നുവെങ്കിൽ ആ ശരികളിലേക്ക് ഞാനും എന്റെ മക്കളും എത്തുമായിരുന്നോ എന്നു സംശയമാണ്.
