പലതരം ആത്മവിശ്വാസങ്ങൾ

Memoir

പലതരം ആത്മവിശ്വാസങ്ങൾ


2019-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന സമയം. ഞാൻ പങ്കെടുക്കുന്ന ആദ്യ ഗോവൻ ചലച്ചിത്രമേളയാണ്. ഐ എഫ് എഫ് കെയിൽ പലതവണ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏറെ കൗതുകത്തോടെയാണ് ഞാൻ ഗോവയിലേക്കു തീവണ്ടി കയറിയത്. ചലച്ചിത്രമേളയിൽ പങ്കെടുക്കുക എന്നതിനൊപ്പം ഗോവ കാണുക എന്നൊരു ആഗ്രഹംകൂടി ആ യാത്രയ്ക്കുണ്ടായിരുന്നു.

ഐ എഫ് എഫ് കെയിൽനിന്നു വ്യത്യസ്തമായി പല ദേശക്കാരും ഭാഷക്കാരും വേഷക്കാരുമായ ചലച്ചിത്രാസ്വാദകരുടെ സംഗമം എന്നൊരു പ്രത്യേകതകൂടിയുണ്ട് ഗോവൻ ചലച്ചിത്രമേളയ്ക്ക്. അതേസമയം, ഗോവൻ ഫെസ്റ്റിവലും ഐ എഫ് എഫ് കെയും തമ്മിൽ പലകാര്യത്തിലും അന്തരമുണ്ട്. ഐ എഫ് എഫ് കെയിൽ സിനിമാതിയേറ്ററിൽ നിന്ന് സിനിമാതിയേറ്ററിലേക്കോടുന്ന, സീരിയസ് ഡെലിഗേറ്റ്സിനെ കാണാം. എന്നാൽ ഗോവൻ ഫെസ്റ്റിവലിനൊരു കാർണിവൽ സ്വഭാവമാണുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഫിലിം ഫെസ്റ്റിവലുകൾ സ്വാതന്ത്ര്യത്തിന്റെ ഇടം കൂടിയാണ്. ഇഷ്ടമുള്ള വേഷം ധരിച്ച്, ഇഷ്ടമുള്ള മനുഷ്യരോടൊപ്പം സ്വതന്ത്രമായി വിഹരിക്കുവാനുള്ള ദിനങ്ങൾകൂടിയാണത്.

അങ്ങനെ ചലച്ചിത്രമേളയുടെ ഒന്നാമത്തെ ദിവസം കടന്നുപോയി. രണ്ടാമത്തെ ദിവസം ഞാൻ അയനോക്സ് തിയേറ്ററിനു മുമ്പിൽ നിൽക്കുകയാണ്. അവിടത്തെ കാഴ്ചകൾ കേരളത്തിലെ ഫിലിം ഫെസ്റ്റിവലുകളിൽനിന്നു തീർത്തും ഭിന്നമായിരുന്നു. തിയേറ്ററിനു മുമ്പിൽ ഒരു ബിയർ പാർലറുണ്ട്. അവിടെ ഇരുന്ന് കുറെപ്പേർ ബിയർ കുടിക്കുന്നു. പലതരത്തിൽ വേഷം ധരിച്ച, പല ഭാഷകൾ സംസാരിക്കുന്ന കുറെ മനുഷ്യർ. ഡെലിഗേറ്റ്സുകൾ അതിനിടയിൽ ക്യൂ നിൽക്കുന്നു. വർണ്ണശബളമായ ഇത്തരം കാഴ്ചകളിൽ മുഴുകിനിൽക്കുകയാണ് ഞാൻ.


Related Articles