സ്‌പൈസ് ജെറ്റ് കൃത്യം അഞ്ചരയ്ക്ക് കൊച്ചിയിലെത്തി. ഡൊമസ്റ്റിക് യാത്രക്കാരെപ്പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ലഗേജുണ്ടായിരുന്നുള്ളു. അതിനാല്‍ പെട്ടെന്ന് തന്നെ പുറത്ത് കടക്കനായി. ഗ്രീന്‍ വാതില്‍ കടന്നതും ഇനിയുള്ള യാത്രയ്ക്ക് ഫോണ്‍ അത്യാവശ്യമായതിനാല്‍ ഐഡിയ-യുടെ കൗണ്ടറിലേക്കാണ് നേരെ പോയത്. കൃഷ്ണന്‍ ഗുരുവായൂരിലേക്ക് വണ്ടി ബുക്കുചെയ്യാന്‍ എയര്‍പ്പോര്‍ട്ട് ടാക്‌സി കൗണ്ടറിലേക്കും നടന്നു.
ഐഡിയ തുറന്നിട്ടില്ല അതുകൊണ്ട് പഴയ സിം നഷ്ടപ്പെട്ടതിന് പകരം അതേ നമ്പര്‍ തന്നെ തരപ്പെടുത്തുകയ എന്ന വിചാരം ഉപേക്ഷിക്കേണ്ടി വന്നു. പത്തിലേറെ വര്‍ഷമായി ഉപയോഗിക്കുന്ന നമ്പറാണ് നഷ്ടമായത്. പഴയ നമ്പര്‍ കിട്ടണമെങ്കില്‍ ഐഡിയയുടെ ഓഫീസില്‍ പോയി പരാതി കൊടുക്കണം.
വൊഡാഫോണ്‍ പത്ത് മിനിട്ടിനുള്ളില്‍ പുതിയ സിം ആക്ടിവേറ്റ് ചെയ്തുതരാമെന്ന് വാക്കുതന്നു. അയാളുടനെത്തന്നെ പാസ്‌പ്പോര്‍ട്ട് വാങ്ങി ഡീറ്റൈല്‍സ് ഫില്‍ ചെയ്യാനും തുടങ്ങി. മൊബൈലിലൊരു ഫോട്ടോയും എടുത്തു. കൃഷ്ണനപ്പോള്‍ ടാക്‌സി ബുക്ക് ചെയ്തുവന്ന് ധൃതി പിടിക്കുന്നു. ടാക്‌സിയുടനെ പുറത്തുവരുമെന്നവന്‍. നീ ടാക്‌സി നോക്കിക്കോ ഞാനിതാ വരുന്നെന്നവനോട് പറഞ്ഞു. ആ സമയത്തിനുള്ളില്‍ വൊഡാഫോണിലെ പയ്യന്‍ ഒരു മാസത്തേയ്ക്കുള്ള കോളും ഡാറ്റയും ആക്ടീവായെന്ന് കാണിച്ചു തന്നു. കാശുകൊടുത്ത് ഞാനും പുറത്തേയ്ക്ക്.
