എട്ട് പോലെ വളച്ചുവെച്ച എന്റെ ബി.എസ്.എ. സൈക്കിള്‍!

Memoir

എട്ട് പോലെ വളച്ചുവെച്ച എന്റെ ബി.എസ്.എ. സൈക്കിള്‍!


ര്‍ഷം 1996. അന്ന് ഞാന്‍ ചേന്ദമംഗലം എ.എല്‍.പി. സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു. അച്ഛന്‍ ഗള്‍ഫില്‍ നിന്ന് വന്ന സമയമാണ്. ഒരു ദിവസം ഉച്ചക്ക് സ്‌കൂളില്‍ നിന്ന് ഉച്ചക്ക് ഊണ് കഴിക്കാന്‍ വരുമ്പോള്‍ ഏട്ടന്‍ വീടിന്റെ ചുറ്റും ഒരു പുതിയ മെറൂണ്‍ കളര്‍ സൈക്കിള്‍ ചവിട്ടി നടക്കുന്നു. അത് കണ്ടതോടു കൂടി സന്തോഷം ഇരട്ടിച്ചു. അതിന്റെ പിന്നാലെ ഞാന്‍ ഓടിത്തുടങ്ങി. നല്ല പുത്തന്‍ ബി.എസ്.എ. എസ്.എല്‍.ആര്‍. സൈക്കിള്‍. തിളങ്ങുന്ന വീലുകളും ഭംഗിയുള്ള കളറും ശബ്ദമുള്ള ഒരു ബെല്ലും.

'വേഗം കഴിച്ച് പോകാന്‍ നോക്കിക്കോ, സ്‌കൂളില്‍ ബെല്ലടിക്കണ്ട' എന്ന് അമ്മ പിന്നില്‍ നിന്ന് പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സംഭവം ഉണ്ടല്ലോ എന്നോര്‍ത്ത് ചോറും ഉണ്ട് സ്‌കൂളിലേക്ക് മടങ്ങി. നാലു മണിക്ക് ബെല്ലടിച്ചതും ഓടി വീട്ടിലെത്തി.

'ഇനി ഇത് നിനക്കാണ്.' അവിടെയുള്ള ഏട്ടന്‍ ഉപയോഗിച്ചിരുന്ന നീല നിറത്തിലുള്ള എ-വണ്‍ സൈക്കിള്‍ ചൂണ്ടി അച്ഛന്‍ പറഞ്ഞു. സന്തോഷമായി. പക്ഷേ സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞൂടാ. അങ്ങനെ പതുക്കെ പതുക്കെ എന്റെ നീല സൈക്കിള്‍ ചവിട്ടി പഠിച്ചു തുടങ്ങി. പലതവണ വീഴുകയും കാലില്‍ മുറിവ് പറ്റുകയും ചെയ്തു. അതൊക്കെ ഇതിന്റെ ഭാഗമാണ് എന്ന് ആലോചിച്ച് സമാധാനിച്ചിരുന്നു. ഒരു ദിവസം ഇറക്കത്തില്‍ നിന്ന് നിയന്ത്രണം പോയി റോഡില്‍ വീണത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. വലിയ പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്.


Related Articles