തലനാടെന്ന മലനാട്; എന്‍ ജന്മദേശം!

Memoir

തലനാടെന്ന മലനാട്; എന്‍ ജന്മദേശം!


'കുളത്തിന്റെ പണിയുടെ പിരിവിന്റെ ജാഥ
വീടുകള്‍ കയറിയിറങ്ങണ ജാഥ
വരുന്നു ഞങ്ങള്‍ വീടുകള്‍ തോറും..'

പണ്ട് പള്ളിക്കുളത്തിന്റെ നവീകരണത്തിന് വേണ്ടി തലനാട് പള്ളി ഇമാമായിരുന്ന ബീരാന്‍ മുസ്ലിയാര്‍ മഹല്ലു നിവാസികളിലേക്ക് ഇറങ്ങിച്ചെന്ന് പിരിക്കുമ്പോള്‍ നീട്ടിവലിച്ച് പാടി നടന്ന ഈരടികളാണിത്.

ദീര്‍ഘ നാളുകള്‍ക്കൊടുവില്‍ ജന്മനാടിന്റെ ഗൃഹാതുരത്വത്തിലേക്കൊന്ന് വിരുന്നു പോയിരിക്കുകയായിരുന്നു ഇന്നലെ. ഗൃഹാതുര സ്മരണകള്‍ അയവിറക്കിയും യാത്ര ചൊല്ലി വിട്ടകന്ന തങ്ങളുടെ സ്വന്തം ദേശത്തിന്റെ കഥ പറഞ്ഞും വാപ്പിച്ചിയും ഇച്ചാപ്പ-മൂത്താപ്പമാരുമായിരുന്നു കൂട്ട്. ടാറ് പാകി കറുപ്പിച്ച് മിനുക്കിയെടുത്ത തലനാട് റോഡിലെ ഓരോ വളവിന്റെയും കഥ ഇമ്പത്തോടെ കേട്ടിരുന്നു. അതില്‍ 'S' വളവ് പരാമര്‍ശിച്ചില്ലെങ്കില്‍ ആ ദേശത്തോടും ദേശവാസികളോടും ചെയ്യുന്ന ക്രൂരതയായിരിക്കും അത്.

മലയാള അക്ഷരമാല പ്രകാരം അതിനെ 'ട' വളവ് എന്ന് വിളിക്കാം. S/ട പോലെ വളഞ്ഞു പുളഞ്ഞ് കിടക്കുന്ന ഇത് ലേശം സങ്കീര്‍ണമാണ്. മുമ്പൊക്കെ ഇത് വളഞ്ഞു പോകുന്നത് ആയാസകരമായിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യമായ ബുദ്ധിമുട്ടൊന്നുമില്ല. പഴയ തലനാട്ടിലെ ഏറ്റവും കുത്തനെയുള്ള കയറ്റവും കണ്ടു. എന്നാല്‍, നാട്ടുകാരുടെ മിടുക്ക് കൊണ്ടായിരിക്കാം ഇപ്പോഴത് ഏതാണ്ടൊക്കെ നിരപ്പായതായിരിക്കുന്നു.


Related Articles