അങ്ങനെ 20 ദിവസം നാട്ടില്‍ നിന്നതിനു ശേഷം തിരികെ ഖത്തറിലേക്ക് വരാന്‍ ഇത്തിഹാദ് എയര്‍വേസ് EY265 ഫ്‌ലൈറ്റ് ആണ് ബുക്ക് ചെയ്തത്. തിരുവനന്തപുരത്തു നിന്നും അബുദാബിയില്‍ എത്തിയിട്ട് അവിടെ നിന്നും ഖത്തറിലേക്കാണ് ഇപ്രാവശ്യത്തെ യാത്ര. വളരെ നേരത്തെ തന്നെ എത്തിയതിനാല്‍ എമിഗ്രേഷന്‍ എല്ലാം പൂര്‍ത്തിയാക്കി അതിനുള്ളില്‍ വെറുതെ നടന്നും ഇരുന്നും പല നാട്ടില്‍ നിന്നും വരുന്നവരുടെ സംസാരവും വേഷവിധാനങ്ങളും ശ്രദ്ധിച്ചു കൊണ്ടും വെറുതെ സമയം ചിലവഴിക്കുകയാണ്..
നമ്മുടെ എയര്‍പോര്‍ട്ടിനുള്ളില്‍ വെയ്റ്റിംഗ് ഏരിയയില്‍ വെള്ളം കുടിക്കുന്ന പൈപ്പ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ അതിശമായി തോന്നുന്ന വിധമാണ് അതിന്റെ ഫിറ്റിങ്! കൊച്ചുനാളില്‍ സ്‌കൂളില്‍ കുട്ടികളുമായി ഓടി കളിച്ചിട്ട് സ്‌കൂളിന് അടുത്തുള്ള വീട്ടില്‍ പോയി പൈപ്പില്‍ വെള്ളം കൈ കുമ്പിളില്‍ കുടിയ്ക്കുന്നതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.. ആ പൈപ്പ് തിരിച്ചു വെച്ചു വെള്ളം മുകളിലേക്കു പോകുമ്പോള്‍ വായകൊണ്ട് ചാടിപിടിച്ചു കുടിക്കുന്ന സിസ്റ്റം ആണ് ഇവിടെ.
കുറെ നേരം നോക്കി ഇരുന്നു ആളുകള്‍ എങ്ങനെയാണു അത് ഉപയോഗിക്കുന്നത് എന്നറിയാന്‍... എല്ലാവരും അവിടെ വന്നിട്ട് ഗ്ലാസോ മറ്റോ ഉണ്ടോ എന്ന് നോക്കുവാണ്. കിട്ടാതാകുമ്പോള്‍ ചിലര്‍ മുകളിലേക്കു പോകുന്ന വെള്ളത്തില്‍ വായ കൊണ്ട് വെച്ചു ദാഹം അകറ്റി പോകുന്നു. ചിലര്‍ അങ്ങനെ കുടിയ്ക്കാനുള്ള നാണക്കേട് കാരണം കുടിയ്ക്കാതെ പോകുന്നു. ദാഹം കാരണം ഞാനും പോയി അങ്ങനെ കുടിച്ചു.
