ടൈപ്പിങ് മെഷീനുകളുടെ മിടിപ്പിന്റെ ശബ്ദം കുറേശ്ശെയായി താണുകേട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. തൊണ്ണൂറുകള്‍ അതിന്റെ മധ്യത്തിലേക്ക് എത്തിയ സമയം. ടൈപ്പിങ് മെഷീനുകളുടെ ഊര്‍ദ്ധ്വന്‍ വലിക്ക് തൊട്ടുമുന്‍പുള്ള കാലം എന്ന് വേണമെങ്കില്‍ പറയാം.
കംപ്യൂട്ടര്‍ സെന്ററുകള്‍ അവിടവിടെയായി പതുക്കെ തല പൊന്തിച്ചു തുടങ്ങിയ കാലത്തേക്ക് കാലം കാലെടുത്തു വെച്ച നേരം. ടൈപ്പ് ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും ചുവട് മാറിയ ചില പരിഷ്‌ക്കാരികളും, നാട്ടിലെ പുരോഗമനവാദികളും, സമ്പന്നരുടെ മക്കളും, അപൂര്‍വം ചില വീട്ടമ്മമാരും ഡി.സി.എ, ഫൗണ്ടേഷന്‍, പി.ജി.ഡി.സി.എ തുടങ്ങിയ കോഴ്‌സുകള്‍ അഭ്യസിക്കുന്നെന്ന് ഗമയോടെ പറഞ്ഞിരുന്ന കാലത്തേക്ക് നട കയറുന്ന സമയം.
ഞങ്ങളുടെ നാട്ടില്‍ നാലഞ്ച് ടൈപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ടായിരുന്നെങ്കിലും അതിപ്രശസ്തര്‍ ജമന്തിയും, കൈലാസുമായിരുന്നു. പാരമ്പര്യം കൊണ്ടും, പഴമകൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മെഷീനുകളുടെ എണ്ണം കൊണ്ടും സമൃദ്ധമായവ എന്ന ഖ്യാതി ഇവര്‍ നേടിയിരുന്നു.
