മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ചാല്‍ പിന്നെ ഉത്സാഹമാണ്. വീടിന്റെ മുറ്റത്തും പറമ്പിലുമായുള്ള പഞ്ചാര മണ്ണില്‍ ഓടിക്കളിയും കുട്ടിപ്പുര നിര്‍മ്മാണവും ചട്ടിപ്പന്ത് കളിയും കേമമായി നടക്കും. ഈ സംഭവം നടക്കുന്നത്, സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്നതിലും മുമ്പാണ്. വര്‍ഷം 1993. ഒരു നാല് വയസ്സ് പ്രായം. വണ്ടുകള്‍ക്കും ചിവീടുകള്‍ക്കും ഞാനൊരു സ്ഥിരോപദ്രവി ആയി നടന്നിരുന്ന പ്രായം. അതൊരു അവധിക്കാലം തന്നെയായിരുന്നു എന്നാണ് ഓര്‍മ്മ.
വലിയ മുറ്റത്ത് കൊയ്ത്തും മെതിയും കഴിഞ്ഞ് വൈക്കോല്‍ ചെറിയ കൂനകളായി വെച്ചിരിക്കുന്നു. വൈക്കോല്‍ നന്നായി ഉണങ്ങിക്കഴിഞ്ഞാല്‍ മാത്രമേ സ്ഥിരമായി ഒരു കൂനയുണ്ടാക്കി വെക്കുകയുള്ളൂ. ചെറിയ കൂനകളില്‍ ചാടിക്കയറാന്‍ രസമാണ്. ഒറ്റക്കുതിപ്പിന് ചാടിക്കയറും അതുപോലെ മറിയും. കൂനയില്‍ കയറി ഇരുന്ന് താഴേക്ക് മറിയും. ഒപ്പം ഏട്ടനും ഉണ്ടാകും. അതൊരു രസമുള്ള കളിയാണ്.
ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞ് അമ്മയും സുനു വല്യമ്മയും ഉമ്മറത്ത് വര്‍ത്തമാനം പറഞ്ഞ് ഇരിക്കുന്നു. അമ്മൂമ്മ മുണ്ട് നീലം മുക്കി അയയില്‍ വിരിക്കുന്നു. ഞങ്ങള്‍ രണ്ട് പേരും വൈക്കോല്‍ കൂനയില്‍ കയറി മറിയുന്നു. വീണ്ടും കയറുന്നു. വൈക്കോല്‍ തട്ടി പുറം ചൊറിയുന്നു. വീണ്ടും കയറുന്നു. കഷ്ടി നാല് വയസ്സുകാരനായ ഞാന്‍ ഏന്തി വലിഞ്ഞാണ് ഇതൊക്കെ ചെയ്യുന്നത്. അങ്ങനെ മറയുന്നതിനിടയില്‍ എന്റെ പൊസിഷന്‍ ഒന്ന് മാറി ശരിക്കും തലകുത്തി മറിഞ്ഞു. വൈക്കോല്‍ കൂനയില്‍ നിന്ന് തലകുത്തി നിലത്ത് കയ്യും കുത്തി വീണു.
