എന്റെ മനസ്സില് മോഹന്ലാല് എന്ന നടനെ കൊത്തിവെച്ച സിനിമ 'ബോയിങ് ബോയിങ്' ആണ്. ഏതോ ഒരു അവധി ദിവസം അമ്മൂമ്മയ്ക്കൊപ്പം അത്ര തെളിച്ചം ഇല്ലാത്ത ഒരു ചാനലില് ആണ് ബോയിങ് ബോയിങ് കണ്ടത്. തുടുത്ത കവിളുകളുള്ള ഒരു നായകനെ ആദ്യമായ് കാണുകയായിരുന്നു. മലയാള സിനിമ എന്നാല് അതുവരെ മനസ്സില് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി അല്ലാത്ത ഒരു നടനെ കണ്ട് ഞാനാ സിനിമ നോക്കി ഇരുന്നു. അന്ന് കഥയൊന്നും മനസിലായില്ലെങ്കിലും തമാശകള് ആസ്വദിച്ചു. നന്നായി പൊട്ടിച്ചിരിച്ചു.
പിന്നീട് ചന്ദ്രലേഖയാണ് കണ്ടത്. ചന്ദ്രലേഖ കണ്ടപ്പോള് ഓര്ത്തെടുത്തു, ഇത് നേരത്തെ മറ്റേ സിനിമയില് കണ്ട ആളല്ലേ! എന്ന്. ആ സിനിമയില്, അനില് കപൂറിന്റെ കാലില് വീഴുന്ന ആ നടനെ കണ്ട് ചിരി നിര്ത്താന് ആയില്ല. സ്കൂളില്ലാത്ത ശനി, ഞായര് ദിവസങ്ങളില് ഏഷ്യാനെറ്റ് പ്ലസിലും, കിരണ് ടിവിയിലും മറ്റും വന്ന സിനിമകളിലൂടെയും ഒക്കെ ആ നടനെ വീണ്ടും വീണ്ടും കണ്ടു. പിന്നീട് ചിത്രം, കിലുക്കം, കിളിച്ചുണ്ടന് മാമ്പഴം, മഞ്ഞില് വിരിഞ്ഞ പൂക്കള്, ദേവാസുരം, രാവണപ്രഭു തുടങ്ങി എണ്ണമറ്റ സിനിമകള് കണ്ടു.
പിന്നീടെപ്പോഴോ അമ്മൂമ്മ പറഞ്ഞു, ഇതാണ് മോഹന്ലാല് എന്ന്. ഞാനാ പേര് മനസ്സില് കുറിച്ചിട്ടു. ചുറ്റും മോഹന് എന്ന് പേരുള്ളവരെ അറിയാവുന്നത് കൊണ്ട് ആ പേര് ഓര്ത്തു വെക്കാന് എളുപ്പമായിരുന്നു. അവധി ദിവസം രാവിലെ പത്രം എടുത്ത് അതിലെ ഇന്നത്തെ സിനിമക്കോളം നോക്കി, ഇഷ്ടപ്പെട്ടത് കാണാം എന്ന് ഞങ്ങള് തീരുമാനിക്കും. അമ്മൂമ്മയ്ക്കൊപ്പം ഇരുന്നാണ് ഞാനും ചേച്ചിയും സിനിമ കാണുന്നത്. നരസിംഹം ഉള്ള ദിവസം ആണെങ്കില് അമ്മൂമ്മ എന്തായാലും ആ സിനിമ കാണുമായിരുന്നു. എങ്കിലും ഞാനേറേ ചിരിച്ച മോഹന്ലാലോര്മ്മ കിളിച്ചുണ്ടന് മാമ്പഴവും, ചന്ദ്രലേഖയും ആയിരിക്കും. ഉച്ചത്തിലുള്ള അട്ടഹാസമായി മാറുമ്പോള് അമ്മൂമ്മ 'പതുക്കെ ചിരിക്കെടി' എന്ന് ശാസിക്കും.
