ഒരു ഗ്ലാസ് ചായയുമായി രാവിലെ വാര്‍ത്ത കാണാന്‍ ടിവി തുറന്നാല്‍ ചായ ചങ്കില്‍ കുടുങ്ങിപ്പോകും. കാരണം 'ടെമ്പര്‍' കൂടിയ വാര്‍ത്തയാണ് ദിവസേന വരുന്നത്. കുട്ടികളെ കൊല്ലുന്ന അമ്മമാര്‍, ഭാര്യയെ കൊല്ലുന്ന ഭര്‍ത്താക്കന്മാര്‍, കാമുകനെ കൊല്ലുന്ന കാമുകി, മന്ത്രവാദം, നരബലി, ചിട്ടി തട്ടിപ്പ് അങ്ങനെ ത്രില്ലര്‍ സിനിമകളെ വെല്ലുന്ന ഐതിഹാസിക ജീവിതം നയിക്കുന്ന മനുഷ്യരൂപങ്ങള്‍. ദയ, കരുണ, സഹാനുഭൂതി തുടങ്ങിയ സാമാന്യ ആചാരങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്വം കാണിക്കേണ്ടവര്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന അവസ്ഥ.
പറഞ്ഞുവരുന്നത് എന്റെ കുട്ടിക്കാലത്തെ പറ്റിയാണ്. അത് എരമംഗലത്താണ്. അവിടെയാണ് ഞങ്ങടെ കുട്ടംപറമ്പത്ത് വീട്. ഓര്‍മ്മ വെക്കുമ്പോള്‍ അവിടെ അമ്മയും ഏട്ടനും അമ്മൂമ്മയും മുത്തശ്ശിയും വേറെ താവഴിക്കാരനായ ശങ്കരേട്ടനും ഉണ്ടായിരുന്നു. അച്ഛന്‍ ദുബായിലും അമ്മാവന്‍ ഹൈദരാബാദിലുമായിരിന്നു.
കഥയിലെ ഹീറോ അമ്മൂമ്മയാണ്. മുത്തശ്ശിയും ശങ്കരേട്ടനും അരങ്ങൊഴിഞ്ഞതിനു ശേഷം അമ്മൂമ്മയുടെ ഉത്തരവാദിത്വം വളരെ വലുതായി. അമ്പലവും പാമ്പിന്‍ കാവും പരിപാലിക്കലും പറമ്പ് കിളപ്പിക്കലും പാടത്ത് കൃഷി ഇറക്കലും അമ്മൂമ്മ ഗൗരവത്തോടെ ചെയ്തു വന്നു. 'നമ്മുടെ ഭഗവതിക്ക് നമ്മളല്ലേ ചെയ്യേണ്ടത്', എന്ന ഭക്തി കലര്‍ന്ന ഉത്തരവാദിത്വം കൃത്യതയോടെ ചെയ്തു. എല്ലാവരോടും ഗൗരവത്തോടെയാണ് പെരുമാറുക; എന്നാല്‍ വാത്സല്യത്തിന് ഒട്ടും കുറവില്ലതാനും. പുരാണേതിഹാസങ്ങളും ഗുരുവായൂര്‍ ദേവസ്വത്തിന്റെ 'ഭക്തപ്രിയ' മാസികയും അവരുടെ ജീവിതചര്യയുടെ ഭാഗമായിരുന്നു.
