എറണാകുളത്ത് ആണ് എന്റെ വീട്. ഞാന്‍, അനിയത്തി, ഉമ്മ, വാപ്പ ഞങ്ങള്‍ നാലുപേര്‍ മാത്രമുള്ള കൊച്ചുകുടുംബം. പരീക്ഷ കഴിഞ്ഞു വലിയ വെക്കേഷന്‍വന്നു. പരീക്ഷയെ അല്ല പേടി, അത് കഴിഞ്ഞു വരുമ്പോള്‍ ഉമ്മ ചോദ്യപേപ്പര്‍ എടുത്ത് വെച്ച് ഓരോന്നും ചോദിക്കും. ഉമ്മയുടെ ചോദ്യം ചെയ്യലില്‍ ശരിയായി എഴുതിയത് പോലും തെറ്റിപോവും. എന്നാലും അത് ഉമ്മ നിര്‍ബന്ധമാക്കിയ കാര്യമായിരുന്നു. കണക്കില്‍ അല്പം പിറകിലായ ഞാന്‍ ഓരോ ചോദ്യത്തിനും ഉമ്മയുടെ മുഖത്തേയ്ക്ക് മിഴിച്ചു നോക്കിയിരിക്കും. ഈ ഒരു കാര്യം കൊണ്ട് തന്നെ വളരെ വേഗം വലുതാവാന്‍ ഞാനന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു.
രണ്ടു മാസത്തെ അവധിക്കാലം വരുമ്പോള്‍ ഉള്ളില്‍ ഒരു തുള്ളിച്ചാട്ടമാണ്. നാട്ടില്‍ പോകാം, ഉമ്മയുടെ വീട്ടില്‍. എനിക്കന്നു പത്ത് വയസ്സ്, അനിയത്തിക്ക് ഒമ്പതും. തൃശ്ശൂര്‍ വടക്കാഞ്ചേരി ആണ് ഉമ്മയുടെ നാട്. ആറ്റൂര്‍ എന്ന കൊച്ചുഗ്രാമം, അവിടെ ആണ് ഉമ്മയുടെ വീട്. മഴക്കാലത്ത് വീട്ടിലെ കിണര്‍ നിറഞ്ഞൊഴുകുന്ന വെള്ളത്തിന് നീല നിറമാണ്. എന്തുകൊണ്ടാണ് നീലനിറം? കടലിന് ആണല്ലോ നീലനിറം? അപ്പോള്‍ ഈ കിണറിനടിയില്‍ കടലുണ്ടോ? ആ ഒഴുകുന്ന വെള്ളവും, കുഞ്ഞുമത്സ്യങ്ങളെയും നോക്കിനില്‍ക്കുമ്പോള്‍ ഇങ്ങനെ പോകും എന്റെ ചിന്തകള്‍. മഴ അന്നും ഇന്നും പ്രിയമാണ്. മഴക്കാലത്തെ എന്റെ പ്രിയപ്പെട്ട കാഴ്ചയായിരുന്നു നിറഞ്ഞൊഴുകുന്ന കിണര്‍. എനിക്കതൊരു അത്ഭുതമായിരുന്നു.
പിന്നെ ഉള്ള ഓര്‍മ്മ നല്ല കാറ്റും, മഴയും കഴിഞ്ഞ് പിറ്റേന്ന് രാവിലെ പറമ്പില്‍ വീണുകിടക്കുന്ന പഴുത്ത മാങ്ങകളാണ്. അതിങ്ങനെ പുറകു വശത്തെ തിണ്ണയില്‍ പെറുക്കികൂട്ടി വെക്കാന്‍ വല്യ ഇഷ്ടമാണ്. എന്നിട്ടിങ്ങനെ നോക്കിനില്‍ക്കും എന്റെ അധ്വാനം. മഴ തൊടിയില്‍ തിമര്‍ത്തു പെയ്യുമ്പോള്‍ ഉമ്മാടെ ഉമ്മ പഴങ്കഥകള്‍ പറയും. പല തവണ കേട്ടതാണെങ്കിലും പിന്നെയും പുതുമയോടെ കെട്ടിരിക്കും. പൊട്ടി എന്ന പിശാച് ആരെയോ വഴി തെറ്റിച്ച കഥ, പിന്നെ പണ്ടത്തെ മഴക്ക് വെള്ളം പൊങ്ങിയ കഥ. വെല്ല്യുമ്മ പറയും,
