ജൂണ്‍ - ജൂലൈ മാസത്തിലാണ് ഞങ്ങളുടെ കുടുംബാംഗങ്ങളുടെ മിക്കവരുടെയും പിറന്നാളുകളും, ചരമദിനവും. അങ്ങനെ സന്തോഷങ്ങളുടെയും, വേര്‍പിരിയലുകളുടെയും ഒരു മാസമാണ് ജൂലൈ. ഈ ജന്മദിനം എന്നെ വീണ്ടും പഴയ കാലത്തേക്ക് കൊണ്ടു പോയി. ഞങ്ങളുടെ മിഠായികള്‍ പൂക്കുന്ന വീടിനെ കുറിച്ച് എനിക്ക് ഓര്‍മ്മ വന്നു. ആ വീട്, കോഴിക്കോട് ചാലപ്പുറം മൂരിയാട് പാലത്തിന് ഇപ്പുറത്താണ്. ഇന്നത് ഞങ്ങളുടെ ഓഫീസ് ആയി പരിണമിച്ചിരിക്കുന്നു. ഭംഗിയുള്ള റോസ് ഗാര്‍ഡന്‍, അതിനു നടുവില്‍ പല നിറത്തില്‍ മാറിമാറി പെയ്യുന്ന ജലകണികകള്‍ ഉതിര്‍ക്കുന്ന ഫൗണ്ടന്‍, അതിനുചുറ്റും പച്ചപ്പുള്ള പുല്‍തകിടിയും അതിനുചുറ്റും റോസാപ്പൂക്കള്‍ ഉള്ള തോട്ടവും. പലനിറത്തിലുള്ള റോസാപ്പൂക്കള്‍ ഉണ്ടായിരുന്ന തോട്ടം. അതുകണ്ട് ഞാനിപ്പോള്‍ റോസാപ്പൂക്കള്‍ വളര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്.
അന്നൊക്കെ, രാവിലെ ഞാന്‍ സ്‌കൂളില്‍ പോകുമ്പോഴും വൈകുന്നേരം തിരിച്ചുവരുമ്പോഴും അമ്മ തോട്ടത്തില്‍ തന്നെയുണ്ടാവും. എന്നും വൈകുന്നേരം വേലായുധേട്ടന്‍ (ഞങ്ങളുടെ സഹായി കോഴിക്കോടുള്ള ചെടി പ്രേമികള്‍ക്ക് എല്ലാം സുപരിചിതനായിരിക്കും) തോട്ടത്തില്‍ റോസുകളെ പരിപാലിക്കുന്ന തിരക്കിലായിരിക്കും. ഒരു പൂവ്, ടീച്ചര്‍ക്ക് കൊടുക്കാന്‍ ഉതിര്‍ത്തോട്ടെ എന്ന് അമ്മയോട് ചോദിച്ചാല്‍ ഉഗ്രനോട്ടം ആയിരിക്കും മറുപടി. പൂവിന്റെ ഭംഗി ആസ്വദിക്കാനുള്ളതാണ്, പറിക്കാനുള്ളതല്ല എന്നതായിരിക്കും സ്ഥിരം മറുപടി. അന്ന് ഞാന്‍ പിറുപിറുത്ത് ദേഷ്യപ്പെടുമായിരുന്നു. എങ്കിലും ഇന്ന് ആരെങ്കിലും എന്നോട് ഈ ചോദ്യം ചോദിച്ചാല്‍ അമ്മയെക്കാള്‍ ഉഗ്രനോട്ടം ആയിരിക്കും എന്റെ മറുപടി.
മുറ്റത്തെ പുല്‍ത്തകിടിക്ക് അപ്പുറത്ത് ഒരു ചെറിയ ചതുരാകൃതിയില്‍ വേറെ തോട്ടം ഉണ്ടായിരുന്നു; അവിടെ പലതരത്തിലുള്ള ഉയരത്തിലുള്ള ചെടികളും. മിക്കതും നാട്ടു ചെടികള്‍ ആയിരുന്നു. ഒരു വനത്തെ തന്നെ ഓര്‍മ്മിപ്പിക്കുന്ന ഇരുട്ടായിരിക്കും അവിടെ എപ്പോഴും ഉണ്ടാവുക. ഒരു നിഗൂഢതയും. തൊട്ടടുത്ത് പടര്‍ന്നു പന്തലിച്ച മാവ് ഇന്നും അവിടെയുണ്ട്. ഈ രണ്ടു തോട്ടങ്ങളെയും ബന്ധിപ്പിക്കുന്നത് ഒരു നെല്ലി മരമാണ്. കുറെയൊക്കെ താഴെ ഉതിര്‍ത്ത് പൊഴിയുമായിരുന്നെങ്കിലും, ഞങ്ങള്‍ കുട്ടികളെല്ലാം വന്ന് മരത്തേല്‍ വലിഞ്ഞു കയറി അരി നെല്ലിക്ക പൊട്ടിച്ചും പെറുക്കിയും തിന്നുമായിരുന്നു.
