ഇത്തവണ കുഞ്ഞിനെയും എടുത്തു കൊണ്ട് ആ സ്ത്രീ തന്നെയാണ് ഒ.പി യിലേക്ക് കയറി വന്നത്. അതു തന്നെ ഒരു നല്ല, സ്വാഗതാര്‍ഹമായ മാറ്റമായി, പുരോഗതിയായി എനിക്ക് തോന്നി. ഒ.പിയില്‍ കാണിക്കാന്‍ ബുക്ക് ചെയ്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ആ കുഞ്ഞിന്റെ പേര് കണ്ടപ്പോളേ ഞാന്‍ അവരുടെ കാര്യം ഓര്‍ത്തിരുന്നു.
അമ്പത് ദിവസത്തോളം മാത്രം പ്രായമുള്ളതിനാല്‍ കുഞ്ഞിന് പേരിട്ടിട്ടില്ല. അമ്മയുടെ പേര് ചേര്‍ത്ത് 'ബേബി ഓഫ് _____ ' എന്ന രീതിയിലാണ് പേര്. ഇത് അവരുടെ രണ്ടാമത്തെ കുട്ടിയാണ് .
മൂത്ത കുട്ടിയെ കുറെ നാളുകളായി എന്നെയാണ് കാണിക്കുന്നത്. ഇപ്പോള്‍ ഈ കുട്ടിയെയും.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പല പല കാര്യങ്ങള്‍ക്കായി അവരിത് മൂന്നാമത്തെ തവണയാണ് ഒ.പി യില്‍ എന്നെ കാണിക്കാന്‍ വരുന്നത്. കഴിഞ്ഞ രണ്ടു തവണ അവര്‍ വന്നത് ഞാന്‍ ഓര്‍ത്തു .
