സമരാവിഷ്‌കാരം

Poetry

സമരാവിഷ്‌കാരം



ഇന്ന് വൈകുന്നേരം വരെ
ആ തുമ്പികൾ
ചില്ലിടിച്ച് തകർത്ത്
പുറത്തുകടക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.
താഴെ ഞങ്ങൾ
പാർശ്വവൽകൃതരുടെ ഭൂമി
എന്ന നാടകം പരിശീലിക്കുകയാണ്.
മുകളിൽ ത്രികോണഗോപുരത്തിലെ
ചില്ലിൽ ചിറകുരസി
സ്ഖലിതരാവുന്ന പ്രാണികളെന്ന് കൂട്ടത്തിലൊരാൾ പറയുന്നു.
ഉച്ചയ്ക്ക് കൊണ്ടുവന്ന വറുത്ത മത്തി
എന്നേക്കാളും
നായികയേക്കാളും
കരിഞ്ഞ് കറുത്തിട്ടാണെന്ന്
നായകൻ ചേട്ടൻ.
വെളുത്ത പൂച്ചകൾ എത്ര ഭേദമാണ്.
അവയുടെ വെളുത്ത വാൽരോമങ്ങൾ
കറുത്തചായത്തിൽ മുക്കിയുണക്കിയെടുത്ത്
കുളിക്കാൻ വിടാതെ വളർത്തുകയാണ് വേണ്ടതെന്ന് തോന്നും.
വെളുത്ത തവളകളുടെ പുറത്ത് കയറിപ്പോവുന്ന കരിന്തേളുകൾ
പത്മരാജന്റെ
തൂവാനത്തുമ്പികളോർക്കുമ്പോഴേ
കുളിർത്തുടഞ്ഞുപോയ് ചോറിൻകട്ടകൾ.

ടർർർ ടർർർ എന്ന തുമ്പികൾ
അഞ്ജലി, തോമസ്, പ്രഭാകരൻ,
മൊയ്തുട്ടി, കല്യാണി, ചീരു,
കൺമണി, പാത്തുകുഞ്ഞി,
ഗോസാൽവസ് എന്നൊക്കെ പേരുകൾ.
വൈകുന്നേരത്തിനിടെ
പലതവണ എന്നെ കൊല്ലുന്നുണ്ട്.
ചില്ലിലിടിച്ച് മടുത്ത് ചത്തേക്കാമെന്ന് കരുതി
തുമ്പികൾ പലരും നിലത്ത് വീഴുന്നുമുണ്ട്.
രംഗങ്ങൾ കുറവായതിനാൽ
ധാരാളം സമയമുള്ള ഞാനതുങ്ങളെ
ചെറു കുഴികളെടുത്ത് പ്രാർത്ഥന ചൊല്ലി സംസ്‌കരിച്ചു.
ഉടയാതിരിക്കണമെന്ന ഉടമ്പടിമേൽ
തുമ്പികളുടെ തലമുട്ടിക്കൽ സമരം.
ചിറക് ഇടറുമ്പോഴത്തെ ഇരമ്പൽ
ചില്ലിനുള്ളിലെ ഏകാന്തതയുടെ
ഞരമ്പുകളിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ടാവണം.

മറ്റൊന്ന്
പ്രണയരംഗങ്ങൾ കാണാൻ
തുമ്പികൾ ചിറകുകൾ ഊരി
കക്ഷത്തുപിടിച്ച്
താഴെ നിഴലിൽ കെട്ടിപ്പിടിച്ചിരുന്നതായും കാണാം.

ആ ദിവസത്തെ അവസാനത്തെ
മരണവും ഉയിർപ്പും കഴിഞ്ഞ്
ഒരു ഗ്ലാസ് വെള്ളം കുടിക്കാനെടുത്തു.
തലമുട്ടിച്ച് മടുത്ത അവസാനതുമ്പി
ബ്ലും
എന്ന് വെള്ളം തെറിപ്പിച്ചു.

കടലിനടിയിൽ
മുങ്ങിക്കപ്പലുകളെ മേച്ചുനടന്ന
ചെക്കൻ എന്നൊരു സിനിമാക്കഥ.
ചെറുകപ്പലുകളുടെ ചൂളംവിളി ചിറകുകളിൽ.

പാട്ടില്ലാത്തവർക്കുള്ള പുരസ്‌കാരത്തിനായി
ഞങ്ങളീ നാടകം അങ്ങോട്ടേക്കയക്കുന്നു
വന്ന് കാണണം.

Explore Kanni M's poem about freedom and self-expression. The speaker portrays the inner battles and struggles within herself and towards the society through the lines.


Related Articles