ഈ ഭൂമിയിൽ

Poetry

ഈ ഭൂമിയിൽ


1
പല നക്ഷത്രങ്ങളിൽ നിന്നാണ്
നാം ഭൂമിയിൽ വന്നിറങ്ങിയത്
അതു കൊണ്ട് നാം പല ഭാഷകൾ സംസാരിക്കുന്നു
ഓരോ വാക്കിനുമുണ്ട് നാം വിട്ടു പോന്ന
നക്ഷത്രത്തിന്റെ ഓർമ്മകളുടെ പരിവേഷം
ഉറക്കത്തിൽ നാം തിളക്കമുറ്റ ആ
വീടുകളിലേക്ക് സഞ്ചരിക്കുന്നു
അവിടെ ഓരോ ചുവരും പരിചയമുള്ള
ഗൗളികളെപ്പോലെ നാം പൂർവ്വികരോട് സംസാരിക്കുന്നു
ഉണരുമ്പോൾ ആ നക്ഷത്രത്തിന്റെ
പൊടി നമ്മുടെ ഉടലിൽ പറ്റിയിരിക്കുന്നു.

2
നീ ഏതു നക്ഷത്രത്തിൽ നിന്നാണ്?
രാവിലെ അവളുടെ ചുമലിലെ
നീലപ്പൊടി കണ്ടു ഞാൻ ചോദിക്കുന്നു
എന്റെ ഉടലിലെ സിന്ദൂരം പോലുള്ള
ചുകന്ന പൊടി അവളെ സംശയാലുവാക്കുന്നു
ഞങ്ങൾ ഇപ്പോൾ ഒരു ശാസ്ത്രാഖ്യായികയിലെ
കഥാപാത്രങ്ങളാണ്
ഞങ്ങളുടെ ശിരസ്സുകളുടെ ആകൃതിപോലും
വ്യത്യസ്തമാണ്.

3
മരിക്കുമ്പോൾ നാം വിട്ടുപോന്ന
നക്ഷത്രത്തിലേക്കു തിരിച്ചു പോകും.
ഭൂമിയുടെ കഥയേ നമ്മൾ മറക്കും
കനമില്ലാത്ത ആത്മാവുകളായി
നാം ശൂന്യതയിൽ പാറി നടക്കും, മറ്റൊരുടലും
മറ്റൊരു ഭാഷയും ലഭിക്കുന്നതു വരെ.


Related Articles