ഒറ്റ

Poetry

ഒറ്റ



ഒറ്റയ്ക്ക്
താളനിബിഡമായ
ചിവീടൊച്ചകൾ
കൂട്ടുവരുന്ന
വനാന്തരങ്ങളിൽ
നിശാശലഭങ്ങൾക്കൊപ്പം
ഉറങ്ങണം.

വിജനത
വെളിച്ചം
ഊതിയണച്ച
നടുറോഡിൽ
രാത്രി
ചൂളമടിച്ച് നടക്കണം.

ഉപ്പുശ്വസിച്ച്
തണുത്തകാറ്റ്
കുറുകി വീശിയെത്തുന്ന
ആളൊഴിഞ്ഞ
കടൽത്തീരത്ത്
മഴ കാത്തിരിക്കണം,
കരിമേഘങ്ങളെ
കൂട്ടുചേർത്ത്.

തിരയടക്കിവച്ച്
കാറ്റിന്റെ ചുഴിയിൽ
ഉപ്പലിയിച്ച്
വിയർക്കുന്ന
അഴിമുഖത്ത്
ചെളിമണത്ത്
നനഞ്ഞലിയണം,
കടൽമീനുകളുടെ
പാട്ടിന്
കാതോർത്ത്.

അവസാനകളിയും
തീർന്ന
കൊട്ടകയിലെ
ഏകാന്തതയിൽ
മരവിച്ച
ഇരിപ്പിടങ്ങൾക്ക്
നടുവിലിരുന്ന്
ഉറക്കെ
കൈയടിക്കണം
കളിച്ച് ക്ഷീണിച്ചവർക്ക്
അത്താഴമാകുവാൻ.

പോസ്റ്റ് ബോക്‌സുകളൊന്നിൽ
മറ്റുള്ളവയുടെ
വീർപ്പുമുട്ടലുകളെ
ഒട്ടുമേ ശ്രദ്ധിക്കാതെ
ധ്യാനനിരതയായ
ഒരെഴുത്തിൽ
കഴുത്ത് കുടുക്കി
ചിരിക്കണം
ഒരു
ബലിതർപ്പണംപോലെ

ആകാശത്ത്
തിളങ്ങിയെറിയുന്ന
നക്ഷത്രക്കൂട്ടങ്ങളെ
വിരട്ടിയോടിച്ച്
അവിടമാകെ
ഓടിക്കളിക്കണം
ചരടറ്റപട്ടം കണക്കെ.

ഞാൻ മാത്രമുള്ള
ഓട്ടമത്സരത്തിൽ
ജയിച്ചാർത്ത് വിളിക്കണം
സീതയുടെ
ഒച്ചയില്ലാത്ത
നിലവിളിപോലെ.

ചിരിക്കണം
ചിരിച്ച് ചിരിച്ച്
ചുമച്ച് ഉരുൾപൊട്ടി
തൊണ്ടയിൽ
ചോരയിൽ കുതിർന്ന
ചങ്കിടിപ്പുകൾ
ഊതിപ്പറപ്പിക്കണം
ഒരപ്പൂപ്പൻതാടിപോലെ
അനന്തതയുടെ
ആഴങ്ങളിലേക്ക്.

Otta written by Kanni M. is a meditative and immersive journey through solitude, where the speaker navigates the nocturnal rhythms of nature, urban spaces, and inner landscapes, embracing both chaos and stillness in a celebration of existence and self-expression.


Related Articles