എനിക്ക് നിന്റെ വീടാവണം
ജനലുകളിൽ നിന്റെ സ്പർശമറിയണം.
വാതിലോടാമ്പലിൽ
നീയിടുന്ന താഴിൽ മയങ്ങിക്കിടക്കണം.
നിന്റെ കുപ്പായമാവണം.
വിയർപ്പ് ഒപ്പണം,
മണമേറ്റണം ഓരോ ഇഴകളിലും.
നിന്റെ അടുക്കളയിലെ
കൈക്കലതുണിയാവണം.
തിളയ്ക്കുന്ന കഞ്ഞിവെള്ളത്തിൽ
നീ അലിയിക്കുന്ന ഉപ്പാവണം.
ഒഴുകാൻ മറക്കുന്ന കഞ്ഞിപ്പശയാകണം.
നിന്റെ രുചിമുകുളങ്ങളിൽ
പഞ്ചസാരത്തരിയായി മധുരിച്ചുകിടക്കണം.
നീ കത്തിക്കാൻ വെമ്പി ക്ഷമകെടുന്ന
മെഴുകുതിരിയാകണം.
നീ കടലും ഞാൻ കാറ്റാടിമരങ്ങളുമാകണം.
നീ മീനും ഞാൻ മുക്കുവന്റെ മനസ്സുമാകണം.
വെയിൽമഞ്ഞയോട് പിണങ്ങി
ഞാൻ നിന്നിലങ്ങനെ പനിച്ചുകിടന്നോട്ടെ.
പകരം വെയിലാറ്റി തണുപ്പിച്ച് ഊറ്റിയെടുക്കുന്ന
സ്‌നേഹത്തിന്റെ മഞ്ഞനിറം
നെറ്റിയിൽ നനച്ചിട്ട് തരണം.
In Kanni M’s poem Manjappani, the poet expresses an intimate yearning to become one with the beloved through vivid, sensory imagery that blends love, longing, and everyday tenderness.
