ഒരു രാത്രി
പ്രണയം
പെയ്തുതന്നതിന്റെ
ഓർമ്മ.
ഉറക്കം തിങ്ങിയ കണ്ണുകൾ
നിലാവുവിഴുങ്ങിപ്പക്ഷികളെപ്പോലെ
കൈകാലുകൾ വിടർത്തി
ആനറാഞ്ചിയായി
ചന്ദ്രബിംബം
കൊത്തിയെടുത്ത്
പുതപ്പിനടിയിൽ
തിരുകിവച്ചു.
ഞാനതിൽ മുഖം പൂഴ്ത്തി.
ഞാൻ നഗ്നയായിരുന്നു.
ചന്ദ്രബിംബമെന്നെ പുണർന്നു.
ഉമ്മവെച്ചു.
വേട്ടയാടിപ്പിടിച്ച
നിലാവിനെക്കൊണ്ട്
താരാട്ടുപാടിച്ച്
മുടിയിൽ
ശതാവരിപ്പൂക്കളും തിരുകി
രാത്രികൾ ആഘോഷിക്കപ്പെടാനുള്ളതാണെന്ന്
രായ്ക്കുരാമാനം
പ്രതികാരേച്ഛയോടെ
ഒരു ഇമെയിലും ചെയ്തപ്പോഴാണ്
ഉറങ്ങണമെന്ന് തോന്നിയത്.
നിലാവിന്റെ ചൂരടിച്ച്
ഞാൻ ഉറങ്ങിപ്പോയി.
പകുതി ഉരുകിത്തീർന്നുപോയവൻ
കാവലിരുന്നു പുലരുവോളം.
കാലത്ത്
മുഖത്ത് പറ്റിയ നിലാവ്
തുടച്ചുകളഞ്ഞ്
ചന്ദ്രനെ
മുറ്റത്ത് വെയിലത്തു വെച്ചു.
വെളിച്ചം ചന്ദ്രനെ കുടിച്ചുതീർത്തു.
രാത്രി
ഇനിയൊരു ചന്ദ്രനെ
പെറ്റിടും
എനിക്കുറങ്ങാൻ.
This poem evokes a dreamlike night of intimacy in which the speaker gathers moonlight like a lover, surrenders to its tender embrace, and wakes at dawn cleansed of its touch, awaiting the next night’s rebirth of the moon.
