മരിച്ചതിനുശേഷവും
സംസാരിച്ചുകൊണ്ടിരുന്ന
ഒരാളെക്കുറിച്ച്
ഒരു കഥ കേട്ടിട്ടുണ്ട്.
അയാൾ സംസാരിച്ചുകൊണ്ടേയിരുന്നു.
നാഡിമിടിപ്പ് നിലച്ചിരുന്നു
തലച്ചോറിന്റെ മരണം കഴിഞ്ഞെന്ന്
ഡോക്ടർ പറഞ്ഞു.
ഈ സംസാരം ശരീരത്തിന്റേതല്ല
അതുകൊണ്ട് കുഴിച്ചിടുന്നതിന് വിരോധമില്ല,
എന്നു പറഞ്ഞ്
ഡോക്ടർ സ്റ്റെതസ്‌കോപ്പ് പിൻവലിച്ച്
പെട്ടിയിൽ വച്ചു.
പാടത്തേക്കു ചാഞ്ഞുനിന്ന
നെല്ലിച്ചുവട്ടിലിരുന്ന് മയങ്ങിയ
ഒരു ഉച്ചനേരത്തെക്കുറിച്ച്
അയാൾ അപ്പോൾ പറഞ്ഞുകൊണ്ടിരുന്നു.
നെല്ലിച്ചുവട്ടിൽ
അലയുന്ന കുറേ നിഴലുകളുണ്ടായിരുന്നു.
ചിലപ്പോൾ, നട്ടുച്ച
നിഴലുകളിലേക്കു
പടരുന്നതും കണ്ടുവെന്ന്
അയാൾ പറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കുന്ന
ഒരാളെ എങ്ങനെ കുഴിയിൽ വെക്കും
എന്ന ചിന്തയോട് പലതരത്തിൽ ഏറ്റുമുട്ടി
കാഴ്ചക്കാരിൽ പലരും
തെക്കും വടക്കും നടന്നു.
ആ സമയം പരേതന്റെ
പതുങ്ങിയ ചിരികേട്ടു:
ഇട്ടിച്ചിറ പാടത്തുനിന്നും
ഒരു നീർപക്ഷി
കരയിലേക്കു കയറി
മരച്ചില്ലയിലിരിക്കുന്നതു കണ്ടാണ്
അയാൾ ചിരിച്ചത്.
മരച്ചില്ലയിൽ, പക്ഷിയെ കാത്ത്
ഒരു പഴം നിന്നിരുന്നു
അതിൽ സൂര്യന്റെ ഒരു നിഴൽ
വിറച്ചു നിന്നു.
