സഹചാരി


സഹചാരി, കൈക്കുമ്പിളിലൊതുങ്ങുന്ന
ഒരു കുഞ്ഞുഗോളം പോലെ മൃദുവാണത്.
പലതായ് വേഷം മാറും കൺകെട്ടുവിദ്യ അതിനറിയാം.
ഇഷ്ടനിറമാണതിന്,
ഇരുണ്ട ചാരനിറം!
കണ്ണഞ്ചിപ്പിക്കുന്ന നിറക്കുത്തുകളിൽനിന്നു
ഞങ്ങൾ ഒളിച്ചുകടക്കും,
കണ്ണിനുള്ളിലേക്കു വെളിച്ചം കടത്തി,
തവിട്ടുനിറത്തിന്റെ പല ഭേദങ്ങൾക്കകത്ത്,
തമോഗർത്തത്തിന്റെ കറുപ്പ് കാണും.
അതിൽ ഒളിച്ചു പാർക്കുന്ന
പത്തു ലക്ഷം നിറങ്ങൾ കാണും.
വാക്കുകളും മൗനങ്ങളും കൊണ്ട് മെടഞ്ഞതാണ് അതിന്റെ വരണ്ട നാവ്.
കടൽ തള്ളിയ മണലുപോലെ
പരുപരുത്തത്,
മുത്തുകൾ മൗനത്തിന്റെ അടരുകളിലാണ് അടക്കം ചെയ്യപ്പെട്ടത്,
ഉറ്റുനോക്കിയിരിക്കുമ്പോൾ മാത്രം
തിളങ്ങിവരും.
ഉച്ചസ്ഥായിയിലുള്ള ഒച്ചകളിൽനിന്ന്
ഞങ്ങൾ കാതടയ്ക്കും.
ചെവിച്ചോട്ടിൽ അത് ഗംഗുബായ് ഹംഗലിന്റെ പരുക്കൻ ശബ്ദമാകും.
അപ്പോൾ കണ്ണിൽനിന്നൊരു തുള്ളിയുടെ
സുതാര്യസൗഹൃദം ചിതറിവീഴും.
അതിവിശുദ്ധ ബർമുഡാത്രികോണത്തിൽ,
കപ്പൽച്ചേതങ്ങളുടെ ഇരുൾച്ചുഴിയിൽ,
അത് സ്വയമൊരു കപ്പലാവും.
നിലാവ് ലയിച്ചു പോയ ജലത്തിനാഴത്തിൽ,
അമ്പിളിവട്ടം മലർന്നു കിടക്കും.
അസ്ഥികൂടങ്ങൾക്കിടയിൽനിന്നും
മുത്തുകൾ വാരി,
ഞങ്ങളാകാശത്തേക്കു വലിച്ചെറിയും.
അവ നക്ഷത്രങ്ങളാവും.
കപ്പലൊരു നാവികനായി രൂപം മാറി, തീരത്തടിയും.
ആകാശത്തെളിനോക്കി മറന്നു കിടക്കും.
മുരണ്ടുകൊണ്ടെന്റെ ഹൃദയക്കരിക്ക് കൈയിലെടുത്ത്,
ധമനികളുടെ കുഴലുകളിലൂടെയത്
കയ്പുകൾ കുടിച്ചു വറ്റിക്കും.
അതിന്റെ മുയൽച്ചെവികളിൽ ഞാൻ
പരിഭവങ്ങളുടെ
ഒരു കൊട്ട പുല്ലു കമിഴ്ത്തും.
കുടഞ്ഞ് കുടഞ്ഞ്,
കൂമ്പാരത്തിൽനിന്നും പുറത്തിറങ്ങി,
ചെമ്മരിയാടിൻ രോമപ്പുതപ്പായി,
അതെന്നെ കണ്ണുകെട്ടി പുതയ്ക്കും.
അന്റാർട്ടിക്കയുടെ വ്യാപിച്ച മഞ്ഞുതണുപ്പിൽ
ആ ചൂടുംപറ്റി ഉറങ്ങിപ്പോവും.
പരുക്കൻ പെണ്ണൊച്ചയുടെ
പശ്ചാത്തലസംഗീതത്തിൽ,
പല നിറത്തിലുള്ള കണ്ണുകളുടെ കാമറയിൽ,
നിങ്ങൾ ഞങ്ങളെ കാണുന്നില്ലേ??
ഒരു നീളൻ ഷോട്ടിൽ, വെറും വെള്ളയായി തരംമാറുന്ന ഒരു ചിത്രം??

This poem delves into the haunting intimacy between the speaker and an invisible, non-existent companion who exists only in her world. She confronts this presence everywhere she goes—an ever-looming shadow, a silent confidante, or a figment of imagination that refuses to fade. While others around her cannot perceive or acknowledge this unseen figure, the speaker feels their presence intensely, blurring the line between reality and illusion. The poem reflects on loneliness, psychological depth, and the yearning for connection that manifests in forms only the self can recognize.


Related Articles