കനപ്പെട്ട മഞ്ഞിന്റെ വെളുപ്പിലേക്ക്,
കുലുക്കിത്തുപ്പിയ
ഉമിക്കരിയായി, ഇരുട്ട്, സന്ധ്യ..
ദേഹത്തിന്റെ തുടർച്ച സൈക്കിൾ...
അതിന്റെ പെഡലുകളിൽ നിന്നും
വലിഞ്ഞു മുറുകും കമ്പികളെന്റെ കാലുകൾ.
തണുപ്പിൽനിന്നും ഇരുട്ടിലേക്ക്
ഉരുളും ടയറുകൾ
ഉരുണ്ടുരുണ്ട്...
കാളിയുടെ വീട്ടിലെത്തുമ്പോൾ,
അടയിരിക്കും പക്ഷിയുടെ ചിറകുപോലെ,
തലേന്നു രാത്രി തണുപ്പു പൊതിഞ്ഞപ്പോൾ,
മരണത്തിലേക്കു വിരിഞ്ഞ
ഒരുടൽ കത്തുന്നു.
തീവണ്ടികൾ പാഞ്ഞുപാഞ്ഞ്
നെഞ്ഞു തേഞ്ഞ
ഇരുമ്പുപാളം മുറിച്ചൊരുക്കിയ ശവവാഹി ചുട്ടുപഴുത്തിരുന്നു
ടകടകേയെന്ന് എല്ലുകൾ താളത്തിൽ പൊട്ടി.
ഉന്മാദിയും ഭംഗികെട്ടവളുമായ
പൂജാരിണിയുടെ
തണുത്തു വിണ്ട
ഞാവൽച്ചുണ്ടുകളിൽ നിന്നും
ഊതിയുയരുന്ന നീലപ്പുക
ഇരുട്ടിന് വെളിവുണ്ടാക്കുന്നു.
അവളുടെ കണ്ണുകളിൽ
ജ്ഞാനത്തിന്റെ വേരുകളും
ലഹരിയുടെ കതിരുകളും
ചുവന്ന സിരകളായി
കെട്ടുപിണഞ്ഞു.
അവളുടെ ഇണയായ പൂജാരി
കാളിയുടെ ചെംപൊട്ട്എനിക്കുതൊട്ടു തന്നു.
എന്റെ വിശപ്പിന് ചോറും ഇറച്ചിയും തന്നു.
പിന്നിൽ വാലാട്ടി വന്നയാൾ
കൂടെയിരുന്നു പങ്കുപറ്റി.
ചോരക്കറ പറ്റാത്ത
പരിത്യാഗിയുടെ കാവിയുടുപ്പിൽ
ഒരു ബാവുൽ
പലനിറമുള്ള സ്നേഹത്തെപ്പറ്റി
*ഏകതാരയിൽ പതിഞ്ഞു പാടുന്നു.
പൗഷമാസത്തിലെയാകാശമേ,
നീ പെറ്റ ഒറ്റനക്ഷത്രം
എണ്ണമറ്റ പുൽക്കൂടുകളിലേക്ക്
എന്റെ വഴികാട്ടുന്നു.
ഇരുട്ടിൽ നടക്കുമ്പോൾ
മഹാകവിയുടെ ഭാഷയിൽ
ഒരു പുലഭ്യം
ചന്തിക്കുപിടിച്ച് ഓടിപ്പോകുന്നു.
കാളിയേ
കങ്കാളിയേ
നിന്റെ തുടയിടുക്കിലെ ഏകാന്തതയിലിരുന്ന്
"Manjukalathe oru Rathri" is a Malayalam poem written by Aruna Aalenchery.
