മലയാളമാധ്യമരംഗത്തെ കുലപതികളിൽ ഒരാൾ, അതായിരുന്നു എസ് ജയചന്ദ്രൻ നായർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളകൗമുദിയുടെ സാഹിത്യമാസികയായ കലാകൗമുദി വാരിക പ്രസിദ്ധീകരണം ആരംഭിച്ചത്. കലാകൗമുദിയിലൂടെയാണ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുതുതലമുറ എഴുത്തുകാരെ മുഴുവൻ ജയചന്ദ്രൻ നായർ അവതരിപ്പിച്ചത്. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം പ്രസിദ്ധീകരിച്ചത് എസ് ജയചന്ദ്രൻ നായരുടെ പത്രാധിപത്തത്തിൽ കലാകൗമുദി ആയിരുന്നു. ഒ വി വിജയന്റെ നോവലുകൾ, വികെഎൻന്റെ നോവലുകൾ, കാക്കനാടന്റെ നോവലുകൾ…അന്ന് ഏറ്റവും പുതിയ തലമുറയിൽ എഴുതിക്കൊണ്ടിരുന്ന എം മുകുന്ദനെയും സക്കറിയയെയും പോലെയുള്ളവരുടെ കഥകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിനെയും കടമ്മനിട്ട രാമകൃഷ്ണനെയും സച്ചിദാനന്ദനെയും സുഗതകുമാരിയെയും പോലെയുള്ളവരുടെ കവിതകൾ തുടങ്ങി മലയാള സാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള മിക്കവാറും കലാസൃഷ്ടികളെല്ലാം വെളിച്ചം കണ്ടത് കലാകൗമുദിയുടെ താളുകളിലൂടെയാണ്. അതിനൊക്കെ നേതൃത്വം കൊടുത്തത് എസ് ജയചന്ദ്രനെന്ന മഹാനായ പത്രാധിപരായിരുന്നു.
അദ്ദേഹം ഒരു ലിറ്റററി എഡിറ്ററായിരുന്നു എന്ന് തന്നെ പറയാം. ഒപ്പം തന്നെ കലാകൗമുദിയെ ഒരു സാമൂഹ്യ രാഷ്ട്രീയ മാസികയാക്കി മാറ്റുന്നതിലും അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ നിർണായകമാണ്. നവതലമുറയിലെ ഒട്ടേറെ മാധ്യമപ്രവർത്തകരെ പരിശീലിപ്പിച്ചെടുത്തതിലും ഗുരുതുല്യമായ പങ്ക് എസ് ജയചന്ദ്രൻ നായർ വഹിച്ചിട്ടുണ്ട്. 1992ലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. 1994 മുതൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കാൻ എനിക്ക് അവസരവും ഭാഗ്യവും ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ നോവൽ സാഹിത്യകാരന്മാരുമായും മറ്റെല്ലാ എഴുത്തുകാരുമായും അദ്ദേഹത്തിനുള്ള ബന്ധം എന്ന് പറയുന്നത് വളരെ പ്രധാനമായിരുന്നു. ജയചന്ദ്രൻ നായരുടെ പത്രാധിപത്തത്തിൽ കലാകൗമുദിയിൽ കവിത അച്ചടിച്ചുവരിക കഥ അച്ചടിച്ചുവരിക എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമായിട്ടാണ് അക്കാലത്തെ പുതുതലമുറ എഴുത്തുകാർ കണ്ടിരുന്നത്.
