കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) 2026-ന്റെ അവസാന ദിനത്തില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുത്ത സെഷന്‍ ശ്രദ്ധേയമായി. 'When Earth Can't Keep You Down' എന്ന സെഷനില്‍ സുനിത വില്യംസിനെ കേള്‍ക്കാന്‍ ആയിരങ്ങളാണ് ബീച്ചിലെ വേദിയിലേക്ക് ഒഴുകിയെത്തിയത്. ചരിത്രകാരനും എഴുത്തുകാരനമുായ മനു എസ്. പിള്ളയായിരുന്നു സെഷന്റെ മോഡറേറ്റര്‍. സെഷന്റെ സമാപനത്തില്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ അപ്രതീക്ഷിതമായി വേദിയിലെത്തിയത് ശ്രോതാക്കള്‍ക്കും ആവേശകരമായി.
ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വളര്‍ന്നു വന്ന് അമേരിക്കന്‍ സ്‌പെയ്‌സ് ഏജന്‍സി നാസയുടെ ഐക്കണായി മാറിയ തന്റെ ജീവിതയാത്രയെക്കുറിച്ച് സെഷനില്‍ സുനിത മനസ്സ് തുറന്നു. 'ഞാന്‍ ഒരു അസാധാരണ വ്യക്തിയല്ല, മറിച്ച് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള ഒരാള്‍ മാത്രമാണ്' എന്ന് അവര്‍ യുവതലമുറയെ ഓര്‍മ്മിപ്പിച്ചു. താന്‍ ഒരു മിശ്രസംസ്‌കാരമുള്ള (ഇന്ത്യന്‍-സ്ലോവേനിയന്‍) കുടുംബത്തില്‍ വളര്‍ന്നത് ലോകത്തെ ഒരുമിച്ച് കാണാന്‍ സഹായിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.