അക്ഷരപുരസ്കാരം യു.കെ. കുമാരന്

Literature News

അക്ഷരപുരസ്കാരം യു.കെ. കുമാരന്


സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ 'അക്ഷരപുരസ്കാരം' യു.കെ. കുമാരന്. പുസ്തകങ്ങളുടെ സുഗമമായ വിൽപന, പ്രസാധനം, എഴുത്തുകാർക്ക് മാന്യമായ പ്രതിഫലം എന്നീ ലക്ഷ്യങ്ങള്‍ മുൻനിർത്തി 1945-ൽ രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘം ഏർപ്പെടുത്തിയ ആറാമത് അക്ഷരപുരസ്കാരത്തിനാണ് യു.കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടത്.

ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച രാവിലെ 11-ന് നാട്ടകം എസ്.പി.സി. എസ്. അക്ഷരം മ്യൂസിയം വളപ്പിൽ നടക്കുന്ന, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം സമ്മാനിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ പറയുന്ന തക്ഷൻകുന്ന് സ്വരൂപം 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2016 ലെ വയലാർ പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ നോവലാണ്.


Related Articles