തമിഴ് ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വൈരമുത്തുവിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. തമിഴ് സാഹിത്യത്തില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ആളാണ് വൈരമുത്തു. അഖിലന്‍ (1975-ല്‍) ജയകാന്തന്‍ (2002-ല്‍) എന്നിവരാണ് ഇതിനുമുമ്പ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മറ്റു തമിഴ് എഴുത്തുകാര്‍.
തേനി, മേട്ടൂര്‍ ഗ്രാമത്തില്‍ 1953 ജൂലൈ 13-ല്‍ ജനിച്ച വൈരമുത്തുവിന്റെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്ന രാമസ്വാമിയും അംഗമ്മാളുമാണ്. ചെറുപ്പം മുതല്‍ തന്നെ സാഹിത്യത്തിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. പത്താം വയസ്സുമുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം കൗമാരപ്രായത്തില്‍ തന്നെ, സ്‌കൂളിലെ ഒരു പ്രഭാഷകനും കവിയുമായി അറിയപ്പെട്ടു. പതിനാലാം വയസ്സില്‍ തിരുവള്ളുവറിന്റെ തിരുക്കുറലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'വെന്‍ബ കവിതകള്‍' എന്ന കവിതാസമാഹാരം എഴുതിയതോടെ പ്രാദേശികമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
ചെന്നൈയിലെ പച്ചയ്യപ്പ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയപ്പോഴേക്കും യുവപ്രഭാഷകന്‍, യുവകവി എന്ന നിലകളില്‍ അദ്ദേഹം പ്രശസ്തി നേടിയിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് തമിഴ് സാഹിത്യത്തില്‍ ബിരുദാന്തര ബിരുദം നേടി. തമിഴ്നാട് ഔദ്യോഗിക ഭാഷാ കമ്മീഷനില്‍ ഇംഗ്ലീഷില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്യുന്ന വിവര്‍ത്തകനായി. ഈ കാലത്ത്, ഭാരതിരാജയുടെ 'നിഴല്‍കള്‍' (1980) എന്ന ചിത്രത്തിലൂടെ വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചു.
