പഠനത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഒഴിവാക്കി പുസ്തകങ്ങളിലേക്ക് മടങ്ങാന്‍ സ്വീഡന്‍

Literature News

പഠനത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഒഴിവാക്കി പുസ്തകങ്ങളിലേക്ക് മടങ്ങാന്‍ സ്വീഡന്‍


സ്‌ക്രീനുകളില്‍ നിന്നും പാഠപുസ്തകങ്ങളിലേക്കുള്ള മാറ്റത്തിനൊരുങ്ങി സ്വീഡന്‍. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരവും ഏകാഗ്രതയും വര്‍ധിപ്പിക്കുവാനായി മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങിയ ഗാഡ്ജറ്റുകളെ പഠനമേഖലയില്‍ നിന്ന് ഭാഗികമായി ഒഴിവാക്കി പുസ്തകങ്ങളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് സ്വീഡിഷ് ഗവണ്‍മെന്റ്. ഇതിനായി ഏകദേശം 100 മില്യണ്‍ യൂറോ-ക്ക് മുകളിലുള്ള തുക ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ പദ്ധതിപ്രകാരം എല്ലാ പ്രധാന വിഷയങ്ങള്‍ക്കും ഓരോ വിദ്യാര്‍ത്ഥിക്കും അച്ചടിച്ച പാഠപുസ്തകങ്ങള്‍ നല്‍കും. ഇതോടെ പുസ്തകങ്ങള്‍ വീണ്ടും പഠനത്തിന്റെ പ്രധാന മാധ്യമമായി മാറും. കമ്പ്യൂട്ടറുകളും ഓണ്‍ലൈന്‍ സ്രോതസ്സുകളും നിലനിര്‍ത്തിക്കൊണ്ട് പുസ്തകങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പാഠ്യപദ്ധതിയുടെ പരിഷ്‌കരണമാണ് സ്വീഡന്‍ ലക്ഷ്യംവെക്കുന്നത്. സ്വീഡന്റെ ഈ നീക്കം ലോകവ്യാപകമായി സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നതാണ്.

പത്ത് വര്‍ഷത്തിലധികമായി സ്വീഡനില്‍ തുടര്‍ന്നിരുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനഫലങ്ങളില്‍ - ഡിജിറ്റല്‍ സ്‌ക്രീനുകളെ അമിതമായി ഉപയോഗിച്ചുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസം കുട്ടികളുടെ ഏകാഗ്രത നിലനിര്‍ത്താനുള്ള കഴിവിനെയും, വായനയേയും, ചിന്താശേഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തി. അധികമായ/ അമിതമായ സ്‌ക്രീന്‍ സമയം ബൗദ്ധിക ശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കുട്ടികളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനുള്ള തെളിവുകളുകളുമായി ഒട്ടേറേ പഠനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.


Related Articles