സുനിത കൃഷ്ണന്‍റെ ആത്മകഥയ്ക്ക് ഷാര്‍ജ പുസ്തകമേളയുടെ പുരസ്‌കാരം

Literature News

സുനിത കൃഷ്ണന്‍റെ ആത്മകഥയ്ക്ക് ഷാര്‍ജ പുസ്തകമേളയുടെ പുരസ്‌കാരം


മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുനിത കൃഷ്ണന്‍റെ ആത്മകഥയ്ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ (എസ്.ഐ.ബി.എഫ്) പുരസ്‌കാരം. ഇന്ത്യയിലെ ലൈംഗിക കടത്ത് മാഫിയയ്ക്കെതിരെ പോരാടുകയും അന്താരാഷ്ട്രതലത്തില്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യക്കടത്തിനും ഇരയായവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ശക്തയായി വാദിക്കുകയും ചെയ്യുന്ന സുനിത കൃഷ്ണന്‍റെ 'ഐ ആം വാട്ട് ഐ ആം' എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ മികച്ച ഇന്റര്‍നാഷണല്‍ ബുക്ക് എന്ന പുരസ്‌കാരമാണ് സുനിത കൃഷ്ണന്‍റെ ആത്മകഥയ്ക്ക് ലഭിച്ചത്. മേളയിലെ ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നാണ് ഇന്ത്യയില്‍ നിന്നുള്ള ഈ പുസ്തകം സ്വന്തമാക്കിയിരിക്കുന്നത്. 44-ാമത് എസ്.ഐ.ബി.എഫ് 2025-ലേക്ക് ആകെ 2,076 എന്‍ട്രികളായിരുന്നു വന്നത്. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ് ബൊദൂര്‍ ബിന്‍ത്ത് സുല്‍ത്താന്‍ അല്‍ ഖസിമിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

വെസ്റ്റ്ലാന്‍ഡ് ബുക്സ് പ്രസിദ്ധീകരിച്ച 'ഐ ആം വാട്ട് ഐ ആം' എന്ന ആത്മകഥയില്‍ - ഇന്ത്യയിലെ ലൈംഗിക കടത്തിനെ നേരിടാനുള്ള തന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തെക്കുറിച്ചും, വ്യക്തിപരമായ പോരാട്ടങ്ങളെക്കുറിച്ചും, ആ പോരാട്ടത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും, ഇന്ത്യയിലെ ലൈംഗിക കടത്ത് മാഫിയെക്കുറിച്ചും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യക്കടത്തിനെക്കുറിച്ചും, തന്റെ ദൗത്യത്തിനെതിരെ ഉയര്‍ന്നുവന്ന ഭീഷണികളെക്കുറിച്ചുമൊക്കെ സുനിത പുസ്തകത്തില്‍ തുറന്ന് എഴുതുന്നു. പുസ്തകത്തിന്‍റെ മലയാളം പരിഭാഷ 'ഞാന്‍ ഞാന്‍ തന്നെ' എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Related Articles