എഴുത്തുകാരനും ലോക്‌സഭാംഗവും ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനുമായ ഡോ. ശശി തരൂര്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വെച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്‍പതാം പതിപ്പിന്റെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. പ്രമുഖ നയതന്ത്രജ്ഞര്‍, മുതിര്‍ന്ന പ്രസാധകര്‍, ശ്രദ്ധേയരായ എഴുത്തുകാര്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഡോ. ശശി തരൂരിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തു. വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ധാരണ ശക്തിപ്പെടുത്തുന്നതില്‍ കെ.എല്‍.എഫ് പോലുള്ള വേദികളുടെ പ്രാധാന്യം ഡോ. തരൂര്‍ എടുത്തുപറയുകയും, വ്യത്യസ്തമായ ആഗോള ശബ്ദങ്ങളെ ഒന്നിപ്പിക്കുന്നതില്‍ സാഹിത്യത്തിനുള്ള സുപ്രധാന പങ്ക് ഉറപ്പിച്ചുപറയുകയും ചെയ്തു.
'കെ.എല്‍.എഫില്‍, ആശയങ്ങള്‍ അതിരുകള്‍ ഭേദിച്ചു മുന്നോട്ട് പോകുന്ന ഒരിടം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. കെ.എല്‍.എഫി-ന്റെ ഓരോ പതിപ്പിലും ലോകമെമ്പാടുമുള്ള മികച്ച ശബ്ദങ്ങളെ ഒരുമിച്ച് കൊണ്ടുവരിക വഴി കേരളത്തിന്റെ സാംസ്‌കാരിക ഘടനയെ സമ്പന്നമാക്കുന്നു,' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡിസി പറഞ്ഞു. 'ഈ വര്‍ഷം ജര്‍മ്മനിയെ അതിഥി രാജ്യമായി ലഭിച്ചതിലൂടെ, സര്‍ഗ്ഗാത്മകത, സമഗ്രത, ആഗോള സംവാദം എന്നിവയോടുള്ള കെ.എല്‍.എഫി-ന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ആകര്‍ഷകവും വൈവിധ്യപൂര്‍ണ്ണവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനും അവതരിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
