സത്യാനന്തരം (Post-Truth) എന്ന പദത്തിന് ഇന്ന് വന്നു ഭവിച്ചിട്ടുള്ള അര്‍ഥത്തില്‍ ആദ്യമായി ആ പദം ഉപയോഗിച്ചത് 1992–ല്‍ സ്റ്റീവ് ടെസീച്ച് എന്ന അമേരിക്കന്‍ നാടകകൃത്തായിരുന്നു. 2004-ല്‍ റാല്‍ഫ് കേയ്സ് സത്യാനന്തര കാലം എന്ന പേരില്‍ ഒരു പുസ്തകംതന്നെ എഴുതി. 2016–ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ പദമായി ഓക്സ്ഫോര്‍ഡ് ഡിക്ഷണറി തിരഞ്ഞെടുത്തത് “Post-truth’’ ആയിരുന്നു. ഓക്സ്ഫോര്‍ഡ് നിഘണ്ടു സത്യാനന്തര കാലത്തെ നിര്‍വചിക്കുന്നത് “പൊതുജനാഭിപ്രായത്തെ നിശ്ചയിക്കുന്നതിലും സ്വാധീനിക്കുന്നതിലും വസ്തുതകളേക്കാള്‍ (Factual truths) പ്രാധാന്യവും മേല്‍ക്കൈയും ആളുകളുടെ വിശ്വാസങ്ങളുമായി വൈകാരികമായി ചേര്‍ന്ന് നില്ക്കുന്ന (appeals to emotion and personal belief) അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ലഭിക്കുന്ന സാഹചര്യം എന്നാണ്.’’
സത്യാനന്തരം എന്നത് ഇപ്പോള്‍ പൊട്ടിമുളച്ച ഒരാശയം ആയിരുന്നില്ല. ഒരുകാലത്ത് നമ്മളിതിനെ പ്രൊപ്പഗാണ്ട എന്നു വിളിച്ചിരുന്നു. അങ്ങനെയൊരു പദപ്രയോഗം കൂടാതെതന്നെ ആ പദം പ്രസരിക്കുന്ന ആധുനിക അര്‍ഥത്തെ ഏറ്റവും തീവ്രമായി പ്രകടിപ്പിച്ച എഴുത്തുകാര്‍ ആണ് ജോര്‍ജ്ജ് ഓര്‍വെല്ലും ഹന്ന അരെന്റും. ലീ മക്കിന്റയര്‍ പറയുന്നത് ആധുനിക ലോകത്തില്‍ സത്യാനന്തരകാലം പ്രകടമാകുന്നത് വസ്തുതകളെ നിഷേധിച്ചുകൊണ്ടല്ല മറിച്ച് അവരവരുടെ വിശ്വാസപ്രമാണങ്ങളെ കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കാന്‍ പറ്റുന്ന വസ്തുതകളെ സ്വീകരിക്കുകയും അല്ലാതുള്ളവയെ തള്ളിക്കളഞ്ഞുകൊണ്ടുമാണ് എന്നാണ്. അമേരിക്കന്‍ എഴുത്തുകാരനായ ഡാനിയല്‍ ഡിന്നെറ്റ് എഴുതുന്നത്: “ഇന്നത്തെ മനുഷ്യര്‍ക്ക് സത്യത്തോടും വസ്തുതകളോടും കൂറില്ലെന്നും വസ്തുതകളുടെ വെളിച്ചത്തില്‍ ലോകത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും അവര്‍ക്ക് താത്പര്യം ഇല്ലെന്നുമാണ്.'' അമേരിക്കന്‍ തത്ത്വചിന്തകനായ ഹാരി ഫ്രാങ്ക്ഫുര്‍ട് “On Bullshit’’ എന്ന തന്റെ പുസ്തകത്തില്‍ കള്ളം പറയുന്നവനെയും ബുള്‍ഷിറ്റ് പറയുന്നവനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടു പറയുന്നത് ഇങ്ങനെയാണ്: “കള്ളം പറയുന്ന ആള്‍ക്ക് താന്‍ പറയുന്നത് കള്ളം ആണെന്നറിയാം. താന്‍ പറയുന്ന കള്ളത്തിന്റെ മറുപുറത്ത് ഒരു സത്യം ഉണ്ടെന്നും അയാള്‍ക്കറിയാം. ആ യാഥാർത്ഥ്യത്തെ അയാള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ബുള്‍ഷിറ്റിങ് പറയുന്ന ആളെ സംബന്ധിച്ചിടത്തോളം അയാള്‍ പറയുന്നതാണ് ശരി. അതിനപ്പുറം മറ്റൊരു ശരി ഉള്ളതായി അയാള്‍ കരുതുന്നേ ഇല്ല.'' മറ്റൊരു സത്യത്തിന്റെ സാധ്യതയെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട് മണ്ടത്തരങ്ങള്‍ വസ്തുതയെന്ന മട്ടില്‍ പറയുന്നതിനെയാണ് ഹാരി ഫ്രാങ്ക്ഫുര്‍ട്ട് ‘ബുള്‍ഷിറ്റിങ്' എന്നു വിളിച്ചത്.
ലോകപ്രസിദ്ധ സാമ്പത്തിക ചിന്തകനായ ലോര്‍ഡ് കെയിന്‍സിന്റെ വിഖ്യാതമായ ഒരു വാചകമുണ്ട് “വസ്തുതകള്‍ മാറുമ്പോള്‍ ഞാനെന്റെ നിഗമനങ്ങളും ചിന്തകളും മാറ്റാറുണ്ട്, എന്നാല്‍ നിങ്ങളോ.'' വസ്തുതകളെത്തന്നെ നിഷേധിച്ചുകൊണ്ട് ഒരാള്‍ വൈകാരികമായി അയാളുടെ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അതിനെ സാധൂകരിക്കുന്നതിനായി കള്ളങ്ങളെ സത്യങ്ങള്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന, അതിനായി അന്യരുടെമേല്‍ ബലപ്രയോഗംതന്നെ നടത്തുന്ന സാഹചര്യത്തെയാണ് സത്യാനന്തരകാലം എന്നു വിളിക്കുന്നത്. ഇന്ത്യാചരിത്രത്തിലെ ഒരു സന്ദര്‍ഭത്തെ വ്യാഖ്യാനിച്ചുകൊണ്ട് സത്യാനന്തരകാലമെന്ന ആശയത്തെ വിശദമാക്കാന്‍ ശ്രമിക്കാം.
