2025ലെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് പ്രഭാവർമ്മ അർഹനായി. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഒഎൻവി കൾച്ചറൽ അക്കാദമിയാണ് പുരസ്കാരം നൽകുന്നത്. ഒഎൻവി ജൻമവാർഷികദിനമായ 27ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
സാഹിത്യത്തിലുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് നൽകുന്ന ദേശീയ അവാർഡാണിത്. 2020 വരെ മലയാള ഭാഷാ എഴുത്തുകാർക്ക് മാത്രമാണ് അവാർഡ് നല്‍കിയിരുന്നത്. 2021 ലെ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തുവിന് നൽകുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റ് ചില കാരണങ്ങളാൽ തടസ്സപ്പെട്ടു.
കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പ്രഭാവർമ്മ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
