മലയാളിയുടെ വായനാജീവിതത്തിൽ സമാനതകളില്ലാത്ത സ്വാധീനം ചെലുത്തിയ ഡി സി ബുക്സിന്റെ 51ാം വാർഷികാഘോഷങ്ങൾ 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച, വൈകീട്ട് 5: 30 ന് കൊല്ലം പബ്ലിക് ലൈബ്രറിയിലെ സോപാനം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. ഡിസി ബുക്സ് സിഇഒ രവി ഡി സി ആമുഖപ്രഭാഷണം നടത്തി. കൗമാരപ്രായത്തിൽ അധ്യാപകനായി പിന്നീട് കേരളത്തിലെ പുസ്തകപ്രസാധനത്തിലും വിതരണത്തിലും ഗ്രന്ഥശാലാ സംരംഭങ്ങളുടെയും നേതൃസ്ഥാനീയനായ ഡി സി കിഴക്കെമുറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് 2025 ൽ ഇന്ത്യയിൽ ഏറ്റവും പ്രമുഖമായ അഞ്ചു പബ്ലിഷിംഗ് ഹൗസുകളിൽ ഒന്നായി മാറുന്നതിനായി ഡി സി കിഴക്കെമുറി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിലെ വായനാസംസ്കാരത്തിനെ വളർത്തുന്നതിൽ സ്തുത്യർഹമായ പങ്കു വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം മുകുന്ദനാണ് അധ്യക്ഷപ്രസംഗം നടത്തിയത്. പുസ്തകത്തിന്റെ രൂപം, ഉള്ളടക്കം, വായനാലോകത്തുണ്ടാകുന്ന മാറ്റങ്ങൾ, തുടങ്ങിയവയെക്കുറിച്ച് എം മുകുന്ദൻ സംസാരിച്ചു. പുസ്തകങ്ങൾക്ക് ഡി സി ബുക്സ് ചിറകുകൾ നൽകുന്നതായും കാലം ഓർമ്മിക്കുന്ന ധാരാളം പുസ്തകങ്ങൾ വായനക്കാർക്ക് നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നതായും സാഹിത്യം വളരണമെങ്കിൽ എഴുത്തുകാർ, വായനക്കാർ, പ്രസാധകർ, ക്രിയേറ്റീവ് ആകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം മുകുന്ദന്റെ ഏറ്റവും പുതിയ നോവൽ 'എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം' ഒരു നോൺ വെജ് പ്രണയകഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സക്കറിയ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ച്, പുസ്തകപ്രസാധനത്തെ ഗൗരവമായി കാണുന്ന സ്ഥാപനമാണ് ഡി സി ബുക്സ്. പബ്ലിഷിംഗിൽ എഴുത്തുകാരനും പബ്ലിഷറും പങ്കാളികൾ ആണെന്നും സക്കറിയ ഓർമ്മിപ്പിച്ചു. 27ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നിർവഹിച്ചത് സുനിത കൃഷ്ണൻ ആയിരുന്നു. എം മുകുന്ദന്റെ ഏറ്റവും പുതിയ നോവൽ 'എയ്ഞ്ചൽ മേരിയിലേക്ക് നൂറ് ദിവസം' എന്ന കൃതിയുടെ കവർച്ചിത്രപ്രകാശനം ബെന്യാമിൻ നിർവ്വഹിച്ചു. കെ ബി മുരളികൃഷ്ണൻ പ്രീ-ബുക്കിംഗ് ആദ്യ കോപ്പി സ്വീകരിച്ചു. തുടർന്ന് പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് നടന്നു.
