എം. നന്ദകുമാറിന് രചന സാഹിത്യപുരസ്കാരം

Literature News

എം. നന്ദകുമാറിന് രചന സാഹിത്യപുരസ്കാരം


2026-ലെ രചന സാഹിത്യപുരസ്കാരം കഥാകൃത്ത് എം. നന്ദകുമാറിന് സമ്മാനിച്ചു. ‘പൂച്ചകളുടെ തീവണ്ടി’ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സമർപ്പിക്കപ്പെട്ട 77 കഥാസമാഹാരങ്ങളിൽ നിന്നാണ് ജൂറി നന്ദകുമാറിൻ്റെ 'പൂച്ചകളുടെ തീവണ്ടി' (കഥാസമാഹാരം) തെരഞ്ഞെടുത്തത്.

വിസ്മരിക്കാനാവാത്ത വാക്യങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും ജീവിതത്തെ സർഗ്ഗശക്തിയിലേക്ക് ഉയർത്തുന്ന ആഖ്യാനങ്ങളായ പത്ത്കഥകളുടെ സമാഹാരമാണ് പൂച്ചകളുടെ തീവണ്ടി. ആഞ്ഞിലിമരത്തിലെ വവ്വാലുകൾ, വിരുന്ന്, ഡ്രാക്കുളയുടെ പ്രേമലേഖനങ്ങൾ, പൂച്ചകളുടെ തീവണ്ടി, അവസാനത്തെ അനുയായി, കഠാരയുടെ രാത്രി, ഈഴച്ചെന്പകത്തിന്റെ ഗന്ധം, ഇടനില, എക്സ് എന്ന ശത്രു എത്തുന്ന നേരം, ജിന്നുകളുടെ രാത്രി എന്നിവയാണ് സമാഹാരത്തിൽ ഉൾപ്പെടുന്ന കഥകൾ.

ഉണ്ണികൃഷ്ണൻ കളമുള്ളതിൽ, മോഹൻദാസ് ശ്രീകൃഷ്ണപുരം, ഡോ. പി. ആർ. ജയശീലൻ, രഘുനാഥൻ പറളി എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ നിർണയിച്ചത്. 10,001 രൂപ പാരിതോഷികവും മൊമെന്റോയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി ഒന്നിന് ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരദാനം നിർവഹിച്ചത്.


Related Articles