കിരൺ ദേശായി; ബുക്കർ ലോങ്ലിസ്റ്റിലെ ഇന്ത്യൻ പേര്

Literature News

കിരൺ ദേശായി; ബുക്കർ ലോങ്ലിസ്റ്റിലെ ഇന്ത്യൻ പേര്


ഇന്ത്യക്ക് അഭിമാനമായി ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ വീണ്ടും കിരൺ ദേശായി. പത്തൊൻപത് വർഷങ്ങൾക്കുമുമ്പ് 'ദി ഇൻഹെറിറ്റൻസ് ഓഫ് ലോസ്' (The Inheritance of Loss) എന്ന കൃതിക്ക് ബുക്കർ പ്രൈസ് നേടിയ കിരൺ ദേശായി വീണ്ടും ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. 'ദ് ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി' (The Loneliness of Sonia and Sunny) എന്ന നോവലാണ് 2025 ലെ ബുക്കർ പ്രൈസിനുള്ള ലോങ് ലിസ്റ്റിൽ ഇടം നേടിയത്.

ഇന്ത്യക്കാരായ രണ്ടു മുഖ്യകഥാപാത്രങ്ങളുടെ സമാന്തരമായ യാത്രകളിലൂടെ പരിണമിക്കുന്ന നോവൽ വൈയക്തിക ചരിത്രം, കുടുംബം, സ്വത്വപ്രതിസന്ധികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. 667 പേജുകളുള്ള ഈ കൃതിയാണ് ഈ വര്‍ഷം ലോങ് ലിസ്റ്റില്‍ ഇടം നേടിയ പുസ്തകങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയ പുസ്തകം. 150 പുസ്തകങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് കൃതികളാണ് ലോങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്.

ഈ വർഷത്തെ ബുക്കർ പ്രൈസ് നേടിയാൽ ബുക്കർ പ്രൈസിന്റെ 56 വർഷത്തെ ചരിത്രത്തിൽ രണ്ടു പ്രാവശ്യം ഈ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ വ്യക്തിയായിരിക്കും കിരൺ ദേശായി. പീറ്റർ കാരി, ജെ. എം. കൂറ്റ്സി, മാർഗരറ്റ് അറ്റ്‌വുഡ്, ഹിലാരി മാന്റൽ എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച മറ്റു നാല് എഴുത്തുകാർ.


Related Articles