ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) ഒന്‍പതാം പതിപ്പിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. കെഎല്‍എഫിന് മുന്നോടിയായി വിപുലമായ സംഘാടകസമിതിയോഗം 2025 നവംബര്‍ 30-ന് വൈകിട്ട് മൂന്നിന് കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ചേരും. സാഹിത്യപ്രേമികളെ യോഗത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ഫൗണ്ടര്‍ & ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍, ജനറല്‍ കണവീനര്‍ എ.കെ. അബ്ദുല്‍ ഹക്കീം എന്നിവര്‍ അറിയിച്ചു.
കെഎല്‍എഫ് ഒന്‍പതാം പതിപ്പ് 2026 ജനുവരി 22, 23, 24, 25 തീയതികളില്‍ കോഴിക്കോട് ബീച്ചില്‍ നടക്കും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 2025 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.keralaliteraturefestival.com എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കെഎല്‍എഫില്‍ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചയാകും. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. നൊബേല്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാമൂഹിക സാസ്‌കാരിക മേഖലകളിലെ പ്രമുഖരും മേളയുടെ ഭാഗമാകും. കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലും കെഎല്‍എഫിന്റെ ഭാഗമായി നടക്കും.
