ആധുനിക ആഫ്രിക്കൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരൻ ഗൂഗി വ തിയോംഗോ അന്തരിച്ചു. 87 വയസ്സായിരുന്നു. കൊളോണിയൽ ഭരണത്തിൽ നിന്ന് ജനാധിപത്യം വരെയുള്ള ആറു പതിറ്റാണ്ട് കാലത്തെ കെനിയയുടെ പരിവർത്തനം തന്റെ കൃതികളിലൂടെ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു ഗൂഗി വ തിയോംഗോ. നിരവധിതവണ നൊബേൽ പുരസ്കാരപട്ടികയിൽ ഇടം നേടിയിട്ടുള്ള തിയോംഗോ തനത് ആഫ്രിക്കൻ ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി ജീവിതത്തിലുടനീളം നിലകൊണ്ടു.
1938-ൽ ബ്രിട്ടീഷ് അധിനിവേശ കെനിയയിൽ ജനിച്ച ഗൂഗി വ തിയോംഗോ ലിമുറു എന്ന പട്ടണത്തിലാണ് വളർന്നത്. ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരെ ഉയർന്നുവന്ന മൗ മൗ കലാപത്തിൽ തിയോംഗോയുടെ കുടുംബാംഗങ്ങൾ തടങ്കൽ ക്യാമ്പുകളിൽ താമസിക്കാൻ നിർബന്ധിതരായി. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തെ ആകെയുലച്ചു. കറുത്തവൻ നേരിടുന്ന ക്രൂരതകളും അപമാനങ്ങളും തിയോംഗോയുടെ എഴുത്തുകളിൽ ഉടനീളം കാണാം.
പഠനകാലത്ത് പ്രശസ്ത നൈജീരിയൻ എഴുത്തുകാരനായ ചിനുവാ അച്ചേബെയുമായുള്ള പരിചയം തിയോംഗോയുടെ ജീവിതത്തെ മാറ്റിമറിച്ചു. 1964-ൽ, ഇംഗ്ലീഷിൽ എഴുതിയ 'വീപ് നോട്ട് ചൈൽഡ്' എന്ന പുസ്തകം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. അതിന് ശേഷം എഴുതിയ 'എ ഗ്രെയിൻ ഓഫ് വീറ്റ്', 'ദ റിവർ ബിറ്റ്വീൻ' എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചതോടെ ആഫ്രിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു എഴുത്തുകാരനായി ഗൂഗി വ തിയോംഗോ മാറി.
