ജി. ആർ. ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലിന് കവി ഡി. വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറെ കല്ലട നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി. വിനയചന്ദ്രൻ സ്മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്കു പായ്ക്കപ്പലിൽ യാത്ര ചെയ്ത ഒരു ആനക്കുട്ടിയുടെയും ചില മനുഷ്യരുടെയും ജീവിതം ആവിഷ്കരിക്കുന്നതാണ് ‘ആനോ’ എന്ന നോവൽ.
25000 രൂപയാണ് പുരസ്കാരത്തുക. വിനയചന്ദ്രന്റെ ചരമവാർഷിക ദിനമായ 11-ാം തീയതി വൈകിട്ട് 4.30-ന് കടപുഴ നവോദയ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ കഥ പറയുന്ന പുസ്തകമാണ് ആനോ. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവലാണ് ഇന്ദുഗോപന്‍റെ ആനോ.
