പ്രശസ്ത എഴുത്തുകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ എഴുതിയ അശ്വത്ഥാമാവ് എന്ന നോവലിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തു. ഡിസി ബുക്സ് ആണ് പ്രസാധകർ. ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ മുൻ എംഎൽഎയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. മാടമ്പിന്റെ ചരമ ദിനമായ മെയ് 11ന് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന മാടമ്പ് ഓർമ്മയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷൻ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡോക്ടർ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഏഷ്യാനെറ്റ് ജിയോ ബിസിനസ് ഹെഡ് കിഷൻ മാടമ്പ് അധ്യക്ഷത വഹിച്ചു. അശ്വത്ഥാമാവ് നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പ്രേമ ജയകുമാർ ആശംസകൾ അർപ്പിച്ചു.
