അരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം

Literature News

അരുന്ധതി റോയിയുടെയും എ ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം


ബുക്കർ സമ്മാന ജേതാവായ അരുന്ധതി റോയി, ഭരണഘടനാവിദഗ്ധൻ എ ജി നൂറാനി എന്നിവരുടെ ഉള്‍പ്പെടെ 25 പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ വിലക്ക്. പുസ്തകങ്ങൾ ജമ്മു കശ്മീരിനെ കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങളും വിഭാഗീയതയും പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ലഫ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഭാരതീയ ന്യായ സംഹിതയുടെ 98-ാം വകുപ്പ് പ്രകാരം ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകങ്ങൾ കണ്ടുകെട്ടാനും ഉത്തരവായി.

എ ജി നൂറാനി, അരുന്ധതി റോയി, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരുടെ പുസ്തകങ്ങൾ നിരോധിക്കപ്പെട്ട പുസ്തകങ്ങളില്‍ പെടുന്നു. ഇന്ത്യയിലെ പ്രശസ്തനായ ഭരണഘടനാ വിദഗ്ധനായ എ ജി നൂറാനി ജമ്മു കശ്മീരിനെക്കുറിച്ചും, അവിടുത്തെ ഭരണഘടനയുടെ ക്രമീകരണത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012' (The Kashmir Dispute 1947-2012) എന്ന പുസ്തകം നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്തു.

ബ്രിട്ടീഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ 'കശ്മീർ ഇൻ കോൺഫ്ലിക്റ്റ് - ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദി അൺഎൻഡിങ് വാർ' എന്ന കൃതിയും നിരോധിക്കപ്പെട്ടു. സുമന്ത്ര ബോസ് എഴുതിയ 'കണ്ടസ്റ്റഡ് ലാൻഡ്‌സ്', 'കശ്മീർ അറ്റ് ദ ക്രോസ്സ് റോഡ്‌സ്'എന്നീ പുസ്തകങ്ങളും നിരോധിക്കപ്പെട്ട കൃതികളിൽ ഉൾപ്പെടുന്നു. പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ 'ആസാദി' ജമ്മു കശ്മീരിൽ നിരോധിക്കപ്പെട്ടു.


Related Articles