ആമയും മുയലും കുംഭകർണ്ണനും

Let Us Read

ആമയും മുയലും കുംഭകർണ്ണനും


നിലമുഴാതെ വിത്തിടുന്ന ഫുക്കുവോക്കയുടെ കൃഷിരീതി ഒരു മികച്ച പെഡഗോജിയാണ്. പ്രകൃതിയെ സ്വയം പ്രതിഫലിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണമെന്നുള്ള ഒരേയൊരു താൽപ്പര്യമേ മനുഷ്യർക്കു പ്രകൃതിയെ സംബന്ധിച്ചുള്ളൂ എന്ന വിചാരമാതൃകയെ ഫുക്കുവോക്ക തിരുത്തുന്നു. ടോട്ടോച്ചാൻ നീന്തൽ പഠിച്ചപോലെയാണത്. ജോൺബറോസ് അങ്ങനെയാണു പ്രകൃതിയെ നിരീക്ഷിച്ചത്. ബറോസിന്റെ പുസ്തകം നാം വായിച്ചിരിക്കേണ്ടതാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ, റാക്‌സ്ബറിയിൽ ജീവിച്ചിരുന്ന കാല്പനികനായിരുന്നു ബറോസ്. അദ്ദേഹം, മുയലിനെ കാണുന്നത് ആമയും മുയലും കഥയിൽ നിന്ന് ഇറങ്ങിവന്ന ശപിക്കപ്പെട്ട ഉറക്കക്കാരനായല്ല; പ്രകൃതിയുടെ ദൂതുപറയുന്ന ഒരാളായിട്ടാണ്. അല്ലെങ്കിൽ, പ്രകൃതി തന്നെയായിട്ടാണ്.

''ചില അവസരങ്ങളിൽ ഒരു മുയലോ ഒരു ചെറിയ വാർബിളോജേ പക്ഷിയോ കാടിനെ എന്റെ വീടിനടുക്കലേക്ക് ആനയിക്കുന്നു. പുഴയിൽ ഒരു ലൂൺ പക്ഷി വന്നിരിക്കുമ്പോൾ ക്യാനഡയിലെ തടാകങ്ങൾ എന്റെ സമീപത്തു ഞാൻ കാണുന്നു. കടൽകാക്കയും പരുന്തും കടലിനെ എന്റെ അടുക്കലേക്ക് അടുപ്പിക്കുന്നു.''

ഈ കാഴ്ചപ്പാടിനുള്ളിലെ സമഭാവനയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രത്തിന്റെ ജൈവികതയെ നിർണയിക്കുന്നത്. ജീവശാസ്ത്രം പഠിച്ചതുകൊണ്ട് അതുണ്ടായിക്കൊള്ളണമെന്നില്ല. ഒന്നിൽ നിന്ന് അതിന്റെ പൂർണതയെ കാണുന്ന ഏകീകൃതമായ (integrated) ഭൗമദർശനമാണിത്. ഭൂമി, ഒരൊറ്റ വ്യവസ്ഥയാണെന്നും ജീവമണ്ഡലം അതിന്റെ ഏറ്റവും ക്രിയാത്മകമായ ഘടകമാണെന്നും മനസ്സിലാക്കലാണിത്. കായികവിദ്യയുടെ പദാവലി ഉപയോഗിച്ചുപറഞ്ഞാൽ, ജീവന്റെ കല ഇവിടെ കളിക്കുകയാണ്; കളികാണുകയല്ല.


Related Articles