നസിറുദ്ദീൻഷാ പാർവ്വതി തിരുവോത്തുമായി നടത്തിയ അഭിമുഖം "അഭിനയവിദ്യ'യും മീന കന്ദസ്വാമിയും തമിഴച്ചി തങ്കപാണ്ഡ്യനും തമ്മിലുള്ള സംഭാഷണം "രാഷ്ട്രീയവും സാഹിത്യവും സ്ത്രീകളും' ജോസഫ് കെ ജോബിന്റെ വിവർത്തനത്തോടെ വായിച്ചിട്ടാണ് ഈ കുറിപ്പ് എഴുതുന്നത് (2025 ഫെബ്രുവരി).
പതിനായിരത്തിൽപരം കഥാപാത്രങ്ങളെ സൃഷ്ടിച്ച് ലോകക്ലാസിക് സാഹിത്യത്തിൽ എന്നും മുൻപന്തിയിലുള്ള വ്യാസമഹാഭാരതം വായനാനുഭവത്തിൽ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ രൂപങ്ങൾ മനസ്സിൽ ഉയർന്നുവരും. അഭിനയവാസനയും വായനാശീലവുമുള്ള നാടക, സിനിമാരംഗങ്ങളിലെ അതുല്യപ്രതിഭകൾക്ക് ഏതു കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനെക്കുറിച്ചും അഭിനയത്തോടുള്ള അർപ്പണമനോഭാവത്തെപ്പറ്റിയും നസിറുദ്ദീൻ ഷാ സത്യസന്ധമായി അഭിമുഖത്തിൽ പാർവ്വതി തിരുവോത്തുമായി പങ്കുവെച്ചിരിക്കുന്നു. "സംഗീതോപകരണ വാദകരും ഗായകരും നർത്തകരുമൊക്കെ കഠിനാദ്ധ്വാനം ചെയ്തിട്ടാണ് വേദികളിൽ അവതരിപ്പിക്കുന്നത്. എത്ര വിനയാന്വിതരായിട്ടാണ് ഓരോ സംഗീതവിദഗ്ദ്ധരും നമ്മുടെ മുന്നിലെത്തുന്നത്. എന്നാൽ, നമ്മൾ നടീനടന്മാരുടെ വിചാരമാകട്ടെ അവരുടെ മുന്നിലും സ്റ്റേജിലൊക്കെ കയറി ഞെളിഞ്ഞുനടക്കാനുള്ള അവകാശം നമ്മൾക്കുണ്ടെന്നാണു ധരിക്കുന്നത്'' എന്ന സ്വയം വിമർശനത്തോടെയുള്ള ഏറ്റുപറച്ചിൽ മലയാളം ഉൾപ്പെടെയുള്ള സിനിമാമേഖലയിലെ പ്രശസ്തരായ നടീനടന്മാർ ശ്രദ്ധിക്കേണ്ട കാര്യംതന്നെയാണ്. ഒരാൾ കലാകാരനോ സാഹിത്യകാരനോ സംഗീതജ്ഞനോ രാഷ്ട്രീയനേതാവോ ആകുന്നത് സമൂഹത്തിനു പ്രധാനംതന്നെയാണ്. അതുപോലെ അവരവരിൽ പ്രകടമാകുന്ന സത്യസന്ധമായ ഭാഷണങ്ങളും അവരിലെ നിഷ്കളങ്കമായ ജീവിതശൈലികളും കലകളെയും സാഹിത്യത്തെയും സംഗീതത്തെയും രാഷ്ട്രീയത്തെയും കൂടുതൽ യാഥാർത്ഥ്യത്തോടെ ശോഭിതമാക്കുകതന്നെ ചെയ്യും. വസ്തുതകൾക്ക് നിരക്കാത്ത വാക്കുകൾ, പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത പ്രവൃത്തികൾ, നിയമം അനുശാസിക്കാത്ത രീതിയിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ തുടങ്ങി ബിംബങ്ങളായി ആരാധകർ കരുതുന്നവർ സ്വന്തം ചെയ്തികളാൽ താഴെവീണ് ഉടഞ്ഞ് ചിന്നിച്ചിതറി ഒന്നുമല്ലാതാകുന്പോൾ അവർ നേടിയെടുത്ത സർഗ്ഗശക്തിയും അതേപോലെ ഉടഞ്ഞുപോകുന്നു.
