ആരാണ് വൈറ്റ് ഹൗസിൽ മരിച്ചത്? ആകാംക്ഷയോടെ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ തന്റെ കൊട്ടാരത്തിലെ ഓരോരോ മുറികളിലും കയറിയിറങ്ങി. പതുങ്ങനെയുള്ള വിങ്ങലുകൾ കേട്ട് നടന്നു തുടങ്ങിയതാണ്. ഒടുവിലെ ഒരു മുറി തുറന്നപ്പോൾ ഒരാളെ മുഖം മറച്ച് ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്നതു കണ്ടു. ചുറ്റും നിന്ന് കരയുന്നവരുടെ, ഇപ്പോൾ വ്യക്തമായി കേൾക്കാവുന്ന വിതുമ്പലുകളായിരുന്നു ലിങ്കണെ ഇവിടെ കൊണ്ടെത്തിച്ചത്. ''ആരാണ് വൈറ്റ് ഹൗസിൽ മരിച്ചത്?'' ഒടുവിൽ അടുത്ത് നിന്ന പട്ടാളക്കാരനോട് ലിങ്കൺ ചോദിക്കേണ്ടി വന്നു. ''പ്രസിഡന്റ്,'' പട്ടാളക്കാരൻ മറുപടി പറഞ്ഞു,''അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.'' കൂടി നിൽക്കുന്ന അജ്ഞാതരായ കാണികളിൽനിന്നും കൂട്ട നിലവിളി ഉച്ചത്തിൽ പരന്നു. അത് കേട്ട് ലിങ്കൺ ഉറക്കത്തിൽനിന്നും സംഭ്രമത്തോടെ ചാടി എണീറ്റു. 1865 ഏപ്രിൽ 14-ന് നാടകശാലയിൽ വച്ച് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് എബ്രഹാം ലിങ്കൺ അനുഭവിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന സ്വപ്നമാണ് ഇത് .
അവരവർക്കോ, അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കോ വരാനിരിക്കുന്ന ആപത്തുകളുടെ മുന്നറിയിപ്പായി കരുതിപ്പോരുന്ന ഒട്ടനവധി സ്വപ്നകഥകളുണ്ട്. പലതും ആത്മീയതയോ, മതവിശ്വാസങ്ങളോ അല്ലെങ്കിൽ മിത്തുകളുമായോ ഇഴചേർന്ന് നിലനിൽക്കുന്നു. പ്രവാചകസ്വഭാവമുള്ള മുപ്പതിനായിരത്തോളം സ്വപ്നങ്ങളുടെ പട്ടികയത്രേ പുരാതന ഗ്രീസ്സിലെ Artemidorus Daldianus രേഖപ്പെടുത്തിയത് . അക്കാലത്ത് എപിഡോറസി (Epidaurus) ലേതുപോലുള്ള ആരാധനാലയങ്ങളിലേക്ക് ദേശാടനം ചെയ്‌തെത്തുന്ന രോഗികൾ വിശാലമായ നടുത്തളങ്ങളിൽ സ്വപ്നസായൂജ്യം കാത്ത് രാത്രികളോളം കഴിച്ചുകൂട്ടും. അവരുടെ സ്വപ്നങ്ങളിലൂടെയാണ് രോഗവിമുക്തിയുടെ ദേവനായ എസ്‌ക്ലേപ്പിയസ് ചികിൽസിക്കാനെത്തുന്നത്.
തേജസ്
