കൽക്കത്തയിലെ റോയൽപ്രസ്സിൽ
കത്തുമായി മുഖം വാടി
ഖിന്നനായി അപു
കണ്ണിമയനങ്ങാതെ
ശ്വാസത്തെ ഹൃദയത്തിന്റെ
കൂട്ടിൽ തെല്ലിട നിർത്തി
അമ്മ എന്നെ നോക്കി.
"എനിക്ക് നിലാവ് കാണണം''
വാക്കുകൾ തടയാൻ
ഭിത്തിപോലുമില്ലാത്ത
തുറസ്സിൽ
ഒറ്റയാക്കപ്പെട്ട നിലവിളിപോൽ
ശബ്ദം, ഘനസാന്ദ്രം
ആ ഷോട്ടിന് മണിക്ദാ
കട്ടു പറഞ്ഞു കാണണം
പക്ഷേ,
ഞാണൊലിപോൽ
ചിതറിത്തകർന്നൊരു
ദീർഘനിശ്വാസത്തിൻ
യാനപാത്രത്തിൽ
ഏകയായി അവർ
"എനിക്ക് നിലാവ് കാണണം''
പകുത്തുവെച്ചപോൽ
മുറിച്ചുവെച്ചൊരി
കടുത്ത ജീവിതത്തിരക്കി
ലെരിഞ്ഞുനീറവേ
കറുത്ത് ക്ലാവ് പിടിച്ചൊരെൻ
കിനാപ്പട്ടടയിൽ
കൊരുത്തുവെച്ചതീ മോഹം
ലോകമിരുട്ടിലുലയുമ്പോ
ളുയിർക്കും തണുപ്പിന്റെ
നേർത്ത പാളയിലുരസും
മൃത്യുവിൽ മൃദുല പാദസ്പർശം
വിറയാലറിയുന്നു
കനവിൽ പാഴായ
നല്ല കാലത്തിൻ ശവഗന്ധം
ഒന്നും കണ്ടില്ലല്ലോ
അറിഞ്ഞതുമില്ലല്ലോ
ഈ ജീവിതംപോലും
നറു നിലാവിൻ
നിഴൽപോലും.
2
തീവണ്ടിയിലെ തിരക്കിൽ
മുട്ടിൽ മുഖമമർത്തി
നൊമ്പരപ്പെട്ട് അപു
വണ്ടിയുടെ ശബ്ദം,
മരുന്നു വിൽപ്പനക്കാരൻ
എന്റെ അമ്മ പറഞ്ഞു,
എത്ര വർഷം മുമ്പാണിത്
വെള്ളയിലും കറുപ്പിലും
എന്തു രസമാണിത്.
തെല്ലിട സംശയത്തോടെ,
നിറങ്ങളില്ലല്ലോ ഉണ്ണീ?
ഞാൻ തലയാട്ടി
ഇരവിനും പകലിനും
ഒറ്റ നിറമാണ്
കറുപ്പോ വെളുപ്പോ
ഇടയ്ക്കെപ്പോഴോ
അതിഥിയെപ്പോ
ലെത്തുന്ന
പ്രഭാതവും പ്രദോഷവുമാണ്
വർണ ഭരിതം.
ഇരവും പകലും
ജീവിതം പോൽ നഗ്നം
പ്രണയവും മരണവുമാണ്
വർണാഭം.
അമ്മ ചോദിച്ചു
നിറങ്ങളില്ലല്ലോ ഉണ്ണീ?
തീവണ്ടിയും
മരുന്നു വിൽപ്പനക്കാരനും
ശബ്ദങ്ങളാലിഴചേർന്ന്
ഒന്നാകുമ്പോഴും
അപു ഒന്നുമറിയാതെ
വേദനയിൽ മുഖം പൂഴ്ത്തി
തല താഴ്ത്തി
മണിക്ദാ എവിടെ?
കട്ടു പറഞ്ഞില്ലല്ലോ ഇനിയും
