മലയാള ഭാവന നെയ്തെടുത്ത ഏറ്റവും ഐതിഹാസികമായ കഥയാണ് 'മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ.' രൂപഘടനയിലും ആന്തരസന്നിവേശത്തിലും വൈകാരികപ്രതിരോധത്തിലും ആ കഥയെ വെല്ലുന്ന ഒന്ന് ഇന്നോളം മലയാളകഥയിലുണ്ടായിട്ടില്ല. തീർച്ചയായും, അതൊരു ലോകകഥയോ ഉത്തരഭാരതീയകഥയോ തെന്നിന്ത്യൻ കഥയോ സെൻകഥയോ അല്ല; കേരളത്തിന്റെമാത്രം കഥയാണ്.
മണ്ണാങ്കട്ടയും കരിയിലയും മലയാളപദങ്ങൾ മാത്രമാണെന്നതിന്റെ ദ്രവീഡിയമായ തെളിവുകൾ കണ്ടെത്താൻ എളുപ്പമാണ്. ബറോയുടെയും എമിനൊയുടെയും നിരുക്തികോശമോ ഗുണ്ടർട്ട് നിഘണ്ടുവോ പരിശോധിച്ച് നമുക്കതുറപ്പുവരുത്താനാകും. ഗുണ്ടർട്ട് നിഘണ്ടുവിൽ പാവംപിടിച്ച രണ്ടു മലയാളവാക്കുകൾ മാത്രമാണവ. മണ്ണാങ്കട്ടയ്ക്ക് മണ്ണിങ്കട്ട എന്ന വകഭേദം അദ്ദേഹം പറഞ്ഞു എന്നുമാത്രം. എ.കെ. രാമാനുജന്റെ ദക്ഷിണേന്ത്യൻ ഫോക്ടെയിൽ സമാഹരണങ്ങളിൽനിന്നും ഈ കഥയുടെ കേരളീയമായ 'ഉള്ളുരൈ,' താരതമ്യാത്മകമായി നമുക്കു പിടികിട്ടുകയും ചെയ്യും.
പിന്നെ-- കാശിക്കുപോകുന്ന കാര്യം! കാശി എത്ര ദൂരെയാണെന്നതല്ല; പല തടസ്സങ്ങൾ അതിജീവിച്ചിട്ടും ആ രണ്ടു സാധുക്കൾ കാശിയിലെത്തിയില്ല എന്നതാണ് സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യം. അവിടെ എത്തുന്നതിനുവേണ്ടി, ത്യാഗോജ്ജ്വലവും പരസ്പരവിശ്വാസത്തിലധിഷ്ഠിതവും ഉന്നതമായ സഹവർത്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ രണ്ട് 'കാത്തിരിപ്പുകൾ' അവ നടത്തിയിട്ടും അവർക്കു കാശിയിലെത്താനായില്ല.
