ഷെൽവിയും മൾബറി പബ്ലിക്കേഷൻസും ഇല്ലായിരുന്നുവെങ്കിൽ താനെന്ന എഴുത്തുകാരൻ ഉണ്ടാകുമായിരുന്നില്ലെന്ന് ബെന്യാമിൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'എന്നോട് നിൻ്റെ ഷെൽവിയെക്കുറിച്ച് പറയൂ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരി ദീപ നിശാന്ത് മോഡറേറ്ററായി എത്തിയ ചർച്ചയിൽ ഷെൽവി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ ബെന്യാമിൻ ഉണ്ടാകുമായിരുന്നില്ലെന്ന് ബെന്യാമിൻ വികാരഭരിതനായി പറഞ്ഞു.
തന്റെ ആദ്യ കഥാസമാഹാരമായ 'യുക്തനേഷ്യ' പ്രസിദ്ധീകരിച്ചു കൊണ്ട് 2000ൽ തന്നെ ഒരു എഴുത്തുകാരനായി കണ്ടെടുത്തത് ഷെൽവിയാണ്. മലയാള പ്രസാധനരംഗത്ത് പുസ്തകങ്ങളുടെ രൂപകല്പനയിലും അച്ചടിയിലും പുത്തൻ ഭാവുകത്വം കൊണ്ടുവന്ന ഷെൽവിയുടെ സങ്കീർണ്ണമായ ജീവിതവും അദ്ദേഹത്തിന്റെ ആത്മഹത്യയും കേരളീയ വായനാസമൂഹത്തിൽ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ദീപ നിശാന്ത് സംസാരിച്ചു.
മൾബറി പബ്ലിക്കേഷൻസിന്റെ തുടക്കം മുതൽ ഷെൽവിയോടൊപ്പം ഉണ്ടായിരുന്നിട്ടും പിന്നീട് തമസ്കരിക്കപ്പെട്ടുപോയ ഡെയ്സിയുടെ കാഴ്ചപ്പാടിലൂടെ ഈ നോവൽ രചിക്കാനുണ്ടായ സാഹചര്യം ബന്യാമിൻ വിശദീകരിച്ചു. എഴുത്തില്‍ ഷെല്‍വി സ്വീകരിച്ച ഏകാധിപത്യ സ്വഭാവവും ഡെയ്സിയെ എഴുത്തിന്റെ ലോകത്ത് നിന്ന് മാറ്റിനിർത്തിയ ഷെൽവിയുടെ മറ്റൊരു മുഖവും ഗ്രീക്ക് എഴുത്തുകാരൻ നിക്കോസ് കാസാൻദ്സാകീസിനോട് ഷെൽവിക്ക് ഉണ്ടായിരുന്ന ഭ്രാന്തമായ അഭിനിവേശവും ചർച്ചയിൽ പ്രധാന വിഷയങ്ങളായി.
