വിക്കിപീഡിയയുടെ ആശയശില്പിയും സഹസ്ഥാപകനുമായ ജിമ്മി വെയിൽസ് (Jimmy Wales) കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) 2026-ന്റെ വേദിയിലെത്തും. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ 25-ാം വാർഷികം അഘോഷിക്കുന്ന വേളയിലാണ് വിജ്ഞാനത്തെ വിരൽത്തുമ്പിലെത്തിച്ച ദാർശനികനെ നേരിൽ കാണാനും സംവദിക്കാനും KLF 2026 അവസരമൊരുക്കുന്നത്. വിക്കിപീഡിയയുടെ പിന്നിലെ പ്രധാന തലച്ചോറായ ജിമ്മി വെയിൽസ് KLF 2026-ന്റെ വേദിയിൽ എത്തുന്നതോടെ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലെ വിവര വിനിമയം ചർച്ചയാകും.
അറിവിനെ സ്വതന്ത്രവും എല്ലാവർക്കും പ്രപ്തവുമാക്കിയ വിജ്ഞാന വിപ്ലവമായിരുന്നു ജിമ്മി വേൽസ് (Jimmy Wales), ലാറി സാംഗർ (Larry Sanger) എന്നിവർ ചേർന്ന് 2001 ജനുവരി 15 നു ആരംഭിച്ച വിക്കിപീഡിയ. വിക്കിപീഡിയയുടെ സാങ്കേതികവും ആശയപരവുമായ അടിത്തറ ഇതിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു. ന്യൂപീഡിയ (Nupedia)യിൽ ലേഖനങ്ങളും ആശയങ്ങളും തയ്യാറാക്കുന്നതിനുള്ള ഒരു സ്ഥലമായിട്ടാണ് വിക്കിപീഡിയ ആദ്യം സങ്കൽപ്പിക്കപ്പെട്ടതെങ്കിലും, അത് പെട്ടെന്ന് തന്നെ തന്റെ മുൻഗാമിയെ മറികടന്ന്, നൂറുകണക്കിന് ഭാഷകളിലുള്ള ഒരു ആഗോള പ്രോജക്റ്റിന്റെ മിനുക്കിയ അന്തിമ ഉൽപ്പന്നത്തിനുള്ള ഡ്രാഫ്റ്റ് സ്ഥലവും കേന്ദ്രവുമായി മാറി. മറ്റ് നിരവധി ഓൺലൈൻ റഫറൻസ് പ്രോജക്റ്റുകൾക്കും പ്രചോദനമായി.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒൻപതാം പതിപ്പിന് കോഴിക്കോട് കടപ്പുറം 2026 ജനുവരി 22 മുതൽ 25 വരെ സാക്ഷ്യം വഹിക്കുന്നു. ഹെർമൻ ഗുണ്ടർട്ടിൻ്റെയും ഹെർമൻ ഹെസ്സെയുടെയും ഗുന്തർ ഗ്രാസിൻ്റെയും നാടായ ജർമ്മനിയാണ് ഇക്കുറി അതിഥിരാജ്യം. നൊബേൽ പുരസ്കാരജേതാവായ അബ്ദുൽറസാഖ് ഗുർണ, പിക്കോ അയ്യർ. കിരൺ ദേശായി. അമിഷ് ത്രിപാഠി. ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. പ്രശസ്ത കായികതാരം ബെൻ ജോൺസൺ തുടങ്ങി ലോകോത്തര പുരസ്കാരജേതാക്കളായ എഴുത്തുകാരും ചിന്തകരും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാൻ എത്തുന്നു. സാഹിത്യം, ചരിത്രം, സിനിമ, സ്പോർട്സ്. മാധ്യമം, രാഷ്ട്രീയം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ചിൽഡ്രൻസ് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ(CKLF), ബുക്ക് ഫെയർ, ജർമ്മൻ പവലിയൻ എന്നിവയും ഒരുക്കിയിരിക്കുന്നു.
