താന്‍ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഉൾനാടൻ കാഴ്ചകളാണ് എന്ന് സന്തോഷ് ജോർജ് കുളങ്ങര. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ അവസാന ദിവസം എഴുത്തോല വേദിയിൽ വെച്ച് നടന്ന "കാണാത്ത ലോകങ്ങൾ" എന്ന ചർച്ചയിൽ ഷെഫ് സുരേഷ് പിള്ളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ റസ്റ്റോറൻ്റുകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കി ചെലവ് ചുരുങ്ങിയ യാത്രകളാണ് അദ്ദേഹം നടത്തിയത്. വഴിയോര ഭക്ഷണങ്ങൾ വാങ്ങി കഴിക്കുകയും അതിലൂടെ ആ നാടിനെ കുറിച്ചും അവിടുത്തെ സംസ്കാരത്തെ കുറിച്ചും കൂടുതൽ മനസിലാക്കാനും സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. അത്തരം സന്ദർഭങ്ങൾ വീഡിയോ രൂപത്തിൽ പകർത്തി പങ്കുവയ്ക്കാറില്ലെന്നും താൻ ലാവിഷായിട്ടാണ് ജീവിക്കുന്നതെന്ന് പ്രേക്ഷകർ കരുതിക്കോട്ടെ എന്നും അദ്ദേഹം രസകരമായി പ്രതികരിച്ചു.
പുറം രാജ്യങ്ങളിൽ പോലീസ് സംവിധാനവും മെഡിക്കൽ രംഗവും പിന്നിലാണെന്നും, കേരളം തന്നെ ആണ് അതിൽ എല്ലാം മുന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലഡാക്ക് മുതൽ കന്യാകുമാരി വരെ ഉള്ള കാഴ്ചകൾ വളരെ വ്യത്യസ്തമാണെന്നും, അത് നമ്മളെ അത്രയുമധികം ആവേശഭരിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിക്ക് പാകിസ്താനും ബംഗ്ലാദേശും പോലെയുള്ള രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
