പ്രശസ്ത മലയാള സാഹിത്യകാരൻ വി. ജെ. ജെയിംസിന്റെ ശ്രദ്ധേയമായ ‘നിരീശ്വരൻ’ എന്ന നോവലിനെ മുൻനിർത്തി, ശാസ്ത്രവും ദർശനവും വിശ്വാസവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് KLF 2026-ന്റെ വേദിയിൽ ചർച്ച സംഘടിപ്പിച്ചു. 'നിരീശ്വരത്വം ഭക്തിക്കും വിഭക്തിക്കും അപ്പുറം' എന്ന വിഷയത്തിൽ നടന്ന സെഷനിൽ വി. ജെ. ജെയിംസിനൊപ്പം പ്രമുഖ സാമൂഹ്യ നിരൂപകൻ സുനിൽ പി. ഇളയിടവും പങ്കെടുത്തു.
വിക്രം സാരാഭായി സ്പേസ് സെന്ററിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം സാഹിത്യരംഗത്ത് സജീവമായ വി ജെ ജെയിംസിന്റെ കൃതികൾ മലയാള നോവൽ ഭൂമികയെ നവീകരിക്കുന്നവയാണെന്ന് ചർച്ചയിൽ വിലയിരുത്തപ്പെട്ടു. 25 പതിപ്പുകൾ പിന്നിട്ട ‘നിരീശ്വരൻ’ എന്ന നോവൽ കേവലമായ വിശ്വാസ-അവിശ്വാസങ്ങൾക്കപ്പുറം, ശാസ്ത്രവും തത്വചിന്തയും കൂട്ടിമുട്ടുന്ന ഇടങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഈശ്വരൻ സർവ്വവ്യാപി ആണെങ്കിൽ അദ്ദേഹം അവിശ്വാസിയിലും പിശാചിലും ഒരുപോലെ വ്യാപിച്ചിരിക്കണമെന്നും, ഈ ചിന്തയാണ് ‘നിരീശ്വരൻ’ എന്ന സങ്കല്പത്തിലേക്ക് തന്നെ നയിച്ചതെന്നും ജെയിംസ് പറഞ്ഞു.
നോവലിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സംസാരിക്കവെ, ക്വാണ്ടം എൻടാംഗിൾമെന്റ് (Quantum Entanglement) പോലുള്ള ആധുനിക ശാസ്ത്ര സത്യങ്ങൾ ദർശനങ്ങളുമായി എങ്ങനെ ചേർന്നുനിൽക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു . ശങ്കരാചാര്യരുടെ "ബ്രഹ്മസത്യം ജഗത്മിഥ്യ" എന്ന സങ്കല്പത്തെ ശാസ്ത്രീയമായി "ഊർജ്ജസത്യം വസ്തുമിഥ്യ" എന്ന നിലയിൽ നോവലിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
