കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026-ൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്; കവിതക്കൊരു ആമുഖം എന്ന വിഷയത്തിൽ കവികളായ എസ് കലേഷും ലതീഷ് മോഹനനും പങ്കെടുത്ത് സംസാരിച്ചു. ആധുനികതയെയും ഉത്തരാധുനികതയെയും പരിചയപ്പെടുത്തിക്കൊണ്ടാണ് ലതീഷ് മോഹൻ സെഷൻ ആരംഭിച്ചത്.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യം, സംസ്കാരം, ജീവിതം, തത്വചിന്ത എന്നിവ ആധുനികതയിലും ഉത്തരാധുനികതയിലും ഊന്നിക്കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യൻ എന്ന വർഗം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പോയികൊണ്ടിരിക്കുകയും, അതുപോലെ ബൃഹദ് ആഖ്യാനങ്ങളിൽ ഇടപെടുന്നതായും നമുക്ക് കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ ആധുനികത നിർമ്മിച്ചെടുക്കുന്ന മനുഷ്യൻ എന്ന സങ്കൽപവും വളരെ വ്യതസ്തമാണ്. കാരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താത്വികതയുടെ അടിസ്ഥാന ശില എന്നത് ഉത്തരാധുനികതക്കപ്പുറത്തേക്ക് പോവുക, ആധുനികതയിലേക്ക് മടങ്ങാതിരിക്കുക എന്നതാണ്. കൂടാതെ ഒരേ സമയം പലതായിരിക്കാനുള്ള പ്രവണതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹിത്യത്തിൽ കാണാൻ സാധിക്കും- ലതീഷ് മോഹൻ വ്യക്തമാക്കി. ശേഷം ലോകത്തെ താത്വികമാക്കിയതിൽ ഇന്റർനെറ്റിന്റെ പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
